അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കണ്ടായിരുന്നു; മൃഗങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം പക്ഷേ പെൺകുട്ടികൾക്ക്  വീട്ടിൽ നിന്നിറങ്ങാൻ പോലും അവകാശമില്ല; താലിബാന്‍ ഭരണത്തിന്റെ ദുരന്തചിത്രം വിളിച്ചോതി  പെണ്‍കുട്ടിയുടെ വീഡിയോ

അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തത് മുതൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  സ്ത്രീകളുടെ സ്വാതന്ത്ര്യം പൂർണ്ണമായി ഹനിക്കുന്ന നടപടികളാണ് അധികാരികൾ കൈക്കൊള്ളുന്നത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാല വിദ്യാഭ്യാസവും ജോലിയും വിലക്കിയ നടപടിയിൽ പരസ്യമായ പ്രതിഷേധത്തിന് ആരും തുനിയുന്നില്ല എങ്കിൽപ്പോലും ഇതിനോടകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും തങ്ങള്‍ നേരിടുന്ന ദൂരവസ്ഥയെക്കുറിച്ച് പ്രതികരണം അറിയിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഒരു യുവതി മുഖം മറച്ച് ക്യാമറയുടെ മുന്നിൽ നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ദുരന്ത സ്ഥിതിയുടെ ആഴം എത്രയാണെന്ന് കാണിച്ചുതരുന്നു.

അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കണ്ടായിരുന്നു; മൃഗങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം പക്ഷേ പെൺകുട്ടികൾക്ക്  വീട്ടിൽ നിന്നിറങ്ങാൻ പോലും അവകാശമില്ല; താലിബാന്‍ ഭരണത്തിന്റെ ദുരന്തചിത്രം വിളിച്ചോതി  പെണ്‍കുട്ടിയുടെ വീഡിയോ 1

19 കാരിയായ ഈ പെൺകുട്ടി പറയുന്നത് ഭരണാധികാരികള്‍ മൃഗങ്ങളെക്കാൾ മോശമായി സ്ത്രീകളോട് പെരുമാറുന്നു എന്നാണ്. സർവകലാശാലയിൽ പോയി പഠിക്കാനുള്ള അവകാശമാണ് താലിബാൻ സർക്കാരിന്റെ നയങ്ങൾ മൂലം ഇല്ലാതായത്. തന്റെ വീട്ടിൽ നിന്നും ഇതുവരെ സ്ത്രീകൾ ആരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് പോയിട്ടില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയും അന്ന് കുടുംബത്തിന് ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ താലിബാനികൾ പഠനമെന്ന തന്റെ ആഗ്രഹം എന്നന്നേക്കുമായി ഇല്ലാതാക്കി എന്ന് നിറകണ്ണുകളോടെ പെൺകുട്ടി പറയുന്നു.

മൃഗങ്ങൾക്ക് അവരുടെ ഇഷ്ടത്തിന് എവിടെ വേണമെങ്കിലും പോകാം. പക്ഷേ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലുള്ള അനുവാദമില്ല. ഇങ്ങനെ ആയിരുന്നെങ്കിൽ അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കേണ്ടിയിരുന്നില്ല എന്നാണ് പെൺകുട്ടി പറയുന്നത്.

ഇതിനോടകം തന്നെ പെൺകുട്ടിയുടെ ഈ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു. സ്ത്രീകളോട് താലിബാനിസ്റ്റുകൾ കാട്ടുന്ന അനീതിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

Exit mobile version