നാട്ടയ്ക്കൽ എ എൽ പി സ്കൂളില്‍ വളരെ വർഷങ്ങളായി പാചകം ചെയ്തു വരുന്ന കാരിച്ചി അമ്മയ്ക്ക് ചിറ്റാരിക്കൽ ഇൻസ്പെക്ടർ ആയ രഞ്ജിത്ത് രവീന്ദ്രൻ നൽകിയത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പുതുവര്‍ഷ സമ്മാനം . ആദ്യാക്ഷരം പഠിക്കാനായി സ്കൂളിലെത്തിയ തനിക്ക് വിശക്കുമ്പോൾ വയറു നിറയെ കഞ്ഞിയും പയറും നൽകി സ്വന്തം മകനെപ്പോലെ വളർത്തിയ കാരിച്ചിയമ്മയെ രഞ്ജിത്ത് രവീന്ദ്രൻ യൂണിഫോമിലെത്തി വണങ്ങിയപ്പോൾ അത് ഒരിക്കലും മറക്കാത്ത അസുലഭ നിമിഷമായി മാറി. രഞ്ജിത്ത് തന്റെ ഔദ്യോഗിക വാഹനതിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒപ്പം നിർത്തി ചിത്രവുമെടുത്തു.
സ്കൂളിൻറെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ കൂടിയായ രഞ്ജിത്ത് കഴിഞ്ഞ ദിവസം ഈ സ്കൂളിൽ എത്തിയത് .
1983 മുതലാണ് നാട്ടക്കൽ സ്വദേശിയായ മാധവി എന്ന കാരിച്ചിയമ്മ എ എൽ പി സ്കൂളിൽ ഭക്ഷണം വയ്ക്കാനായി എത്തുന്നത്. നാല് രൂപ ആയിരുന്നു അവരുടെ മാസ ശമ്പളം . അന്ന് കുട്ടികൾക്ക് തരി ആയിരുന്നു വച്ച് നൽകിയിരുന്നത്. പിന്നീട് വർഷങ്ങൾ പോയപ്പോൾ തരി മാറി. പകരം കഞ്ഞിയും കറിയുമായി. സ്കൂൾ അടിമുടി മാറി , ഭക്ഷണം വയ്ക്കുന്നവര്‍ക്കുള്ള ശമ്പളവും വർദ്ധിച്ചു. പക്ഷേ അപ്പോഴും കാരിച്ചിയമ്മ അവിടെ ഭക്ഷണം വിളമ്പുന്നത് തുടർന്നു . തന്‍റെ കൈകൊണ്ട് പാചകം ചെയ്തു ആഹാരം കഴിച്ച നിരവധി കുട്ടികൾ ഇന്ന് നല്ല നിലയിൽ എത്തിയ സന്തോഷത്തിലാണ് ആ വയോധിക.