ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പറക്കും മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. 136 കിലോഗ്രാം ആണ് ഈ വാഹനത്തിൻറെ ഭാരം. 275 കിലോഗ്രാം വാഹക ശേഷിയും ഈ വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. റിമോട്ട് മുഖേനയും നിയന്ത്രിക്കാൻ കഴിയുന്ന ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് അമേരിക്കയിലെ ജറ്റ് പാക്ക് ഏവിയേഷൻ കമ്പനിയാണ്. ആദ്യം രൂപകൽപ്പന ചെയ്തപ്പോൾ നാല് ടർബയിനുകൾ
ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇതിന് എട്ട് ടര്‍ബൈനുകള്‍ ആയിരിക്കും ഉണ്ടാവുക എന്ന് കമ്പനി അറിയിച്ചു.
പറക്കും ബൈക്ക് നിർമ്മിക്കുന്നതിന് വേണ്ടി കമ്പനി പലരോടും സഹായം അഭ്യർത്ഥിച്ചു എങ്കിലും ആരും സാമ്പത്തിക സഹായം നൽകാൻ തയ്യാറായില്ല. തുടർന്ന് ക്രൗഡ് ഫണ്ടിങ് വഴി 14 കോടിയോളം രൂപ സമാഹരിച്ചാണ് കമ്പനി ആരംഭിച്ചത്. പിന്നീട് ചില വൻകിട സ്ഥാപനങ്ങളും ഈ കമ്പനിയെ സഹായിക്കാൻ മുന്നോട്ടു വന്നു. ഇതോടെയാണ് റിക്രിയേഷൻ സ്പീഡർ എന്ന ഈ വാഹനം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ശ്രമം കമ്പനി തുടങ്ങുന്നത്. മൂന്നു വർഷത്തിനുള്ളിൽ വാഹനം വിപണിയിൽ എത്തും. വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 7 ലക്ഷം രൂപ കൊടുത്ത് വാഹനം നേരത്തെ തന്നെ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്.
പ്രധാനമായും മെഡിക്കൽ അത്യാഹിതങ്ങൾക്കും അഗ്നിശമന ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഈ വാഹനം പ്രയോജനപ്രദമാകും എന്ന് കമ്പനി അവകാശപ്പെടുന്നു.
400 മയിലാണ് വാഹനത്തിൻറെ പരമാവധി വേഗം. 15,000 അടി ഉയരത്തിൽ കുത്തനെ ഉയർന്നു പൊങ്ങി ആയിരിക്കും വാഹനം പറക്കുക. പിന്നീട് കുത്തനെ തിരിച്ച് ഇറങ്ങാനും സാധിക്കും.