ഈ ഉത്സവം ഞങ്ങളുടെ ഉപജീവനമാർഗ്ഗം; കലോത്സവ വേദിക്കരികിൽ കോഴിക്കോടിന്റെ തനത് വിഭവവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

രുചിപ്പെരുമയുടെ നാടാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സംസ്ഥാന സ്കൂൾ കാലോത്സവം കോഴിക്കോട് വെച്ച് നടത്തുമ്പോൾ അത് കോഴിക്കോടിന്റെ തനതു രുചി കേരളത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ളവർക്ക് ആസ്വദിക്കാനുള്ള അവസരം കൂടിയാണ്. കലാ പ്രകടനങ്ങൾ ആസ്വദിക്കുവാൻ കോഴിക്കോട് എത്തുന്നവർക്ക് നാടിൻറെ തനത് ഭക്ഷണ വൈവിധ്യങ്ങളുടെ രുചി അറിയുന്നതിന് അവസരം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് തിരുവണ്ണൂർ ഭിന്നശേഷി സ്കൂളിലെ രക്ഷിതാക്കൾ.

ഈ ഉത്സവം ഞങ്ങളുടെ ഉപജീവനമാർഗ്ഗം; കലോത്സവ വേദിക്കരികിൽ കോഴിക്കോടിന്റെ തനത് വിഭവവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ 1

മറ്റ് ജോലികൾ ഒന്നുമില്ലാത്ത മാതാപിതാക്കൾക്ക് ഒരു ചെറിയ വരുമാനമാർഗ്ഗം എന്ന് ലക്ഷ്യത്തോടെയാണ് യു ആർ സിയിലെ ഒപ്പം എന്ന കൂട്ടായ്മ ഈ ഉദ്യമവുമായി മുന്നോട്ടു വന്നത്. കലോത്സവം ആരംഭിച്ച അന്നു മുതൽ തന്നെ മൂന്നാമത്തെ വേദിയുടെ അരികിൽ കോഴിക്കോടിന്റെ തനത് രുചികളും വ്യത്യസ്തമായ പാനീയങ്ങളുമായി ഈ അമ്മമാരുടെ ലഘു ഭക്ഷണ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്.

ഓരോ ദിവസവും വിൽപ്പന നടത്തുന്നതിനുള്ള വിഭവങ്ങൾ രക്ഷിതാക്കൾ തന്നെയാണ് അവരുടെ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടു വരുന്നത്. മാത്രമല്ല ഒപ്പം എന്ന കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന രക്ഷിതാക്കൾക്ക് സ്ഥിരമായി ഒരു വരുമാനം ലഭിക്കുന്നതിനുള്ള ഒരു തൊഴിൽ മാർഗ്ഗമായി ഇതിനെ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്തരം ഒരു പരീക്ഷണത്തിന്  തയ്യാറെടുത്തിരിക്കുന്നതെന്ന് ഇവർ പറയുന്നു. ഇതിന് യു ആർ സി യിലെ മറ്റ് എല്ലാ ജീവനക്കാരുടെയും സഹായവും പരിപൂർണ്ണമായ പിന്തുണയും ഈ വീട്ടമ്മമാർക്ക് ഉണ്ട്. തങ്ങളുടെ ലഘു ഭക്ഷണശാലയോട് ആളുകൾ നന്നായി സഹകരിക്കുന്നുണ്ടെന്നും തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റാളുകളിൽ കൂടുതൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്താൻ കഴിയും എന്നും രക്ഷിതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Exit mobile version