വിവാഹിതനോ അവിവാഹിതനോ ആയാലും ഒരു മകൻ മാതാപിതാക്കൾക്ക് മകനായി തന്നെ തുടരുകയാണെങ്കിൽ അതുപോലെതന്നെ ആയിരിക്കും വിവാഹിതയായ മകളും എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിലൂടെ മകൻറെ സ്ഥാനം മാറുന്നില്ല എങ്കിൽ വിവാഹത്തിലൂടെ മകളുടെ സ്ഥാനവും മാറ്റം സംഭവിക്കാതെ തുടരുമെന്ന് കർണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2001ൽ ഓപ്പറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടപ്പെട്ട സുബൈദാർ രമേഷ് ഖന്ധപ്പെടയുടെ മകൾ പ്രിയങ്ക പാട്ടിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. സൈനിക വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്ന് ആണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണ് എന്ന കാരണം പറഞ്ഞാണ് സൈനിക വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹർജിൻ മേലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
പത്തു വയസ്സു മാത്രം ആയിരുന്നു പ്രിയങ്കയുടെ പിതാവ് മരണപ്പെടുമ്പോൾ ഉള്ള അവരുടെ പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളേജുകളിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സംവരണം കിട്ടുന്നതിനുവേണ്ടി ആശ്രിത കാർഡ് ഉപയോഗിക്കാൻ തീരുമാനിച്ച പ്രിയങ്കയെ വിവാഹിതയാണ് എന്ന കാരണം ചൂണ്ടിക്കാട്ടി സൈനിക വെൽഫെയർ ബോർഡ് പരിഗണിക്കാന്‍ വിസ്സമ്മതിച്ചു. ഇതിനെതിരെയാണ് പ്രിയങ്ക കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി സൈനിക വെൽഫെയർ ബോർഡിന്റെ തീരുമാനം സ്ത്രീപുരുഷ സമത്വം ഉറപ്പു വരുത്തുന്ന ഭരണഘടനയുടെ പതിനാലാം അനുഛേദനത്തിന്റെ ലംഘനമായി കണ്ട് പ്രിയങ്കയ്ക്ക് അനുകൂലമായി ഉത്തരവിടുകയായിരുന്നു. വിവാഹിതരായി കഴിഞ്ഞാൽ പെൺമക്കളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന അനാചാരമാണെന്നും അത് ഈ മാറിയ കാലഘട്ടത്തിലും തുടരാൻ അനുവദിച്ചാൽ സ്ത്രീ സമത്വത്തിലേക്കുള്ള യാത്രയ്ക്ക് വിഘ്നം വരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.