കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് അഞ്ചുശ്രീ പാർവതി മരണപ്പെട്ട
സംഭവം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കാസർകോട് ജില്ലയിൽ ഇത് തുടർച്ചയായുള്ള രണ്ടാമത്തെ സംഭവമാണ്. ഇതിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് സമൂഹ മാധ്യമത്തിൽ ഉയരുന്നത്. ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു അഞ്ചു പാർവതി പ്രഭീഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി. എത്രയോ കാലം ചിരിച്ചു കൊണ്ട് ഭൂമിയിൽ ജീവിക്കേണ്ടിയിരുന്ന രണ്ടു മക്കൾ മരണപ്പെട്ടതിലുള്ള ദുഃഖം അവരുടെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നു.
കഴിഞ്ഞ മെയിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി ദേവനന്ദ മരിക്കുമ്പോള്‍ അവളുടെ പ്രായം 15 വയസ്സായിരുന്നു. അതേസമയം ഇന്ന് അഞ്ചുശ്രീ പാർവതി മരണത്തിന് കീഴടങ്ങുമ്പോൾ അവൾക്ക് പ്രായം 19 വയസ്. ഈ രണ്ടു മരണവും നടന്നത് കാസർകോട് ജില്ലയിലാണ്. ദേവനന്ദയ്ക്ക് മരണത്തിന്റെ അന്നം വിളമ്പിയ ഐഡിയൽ കൂൾബാറിന് ഒന്നും സംഭവിച്ചിട്ടില്ല. മരണം നടക്കുമ്പോഴുള്ള പതിവ് അടച്ചു പൂട്ടൽ നാടകം കഴിഞ്ഞ് അത് വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അന്നം വിളമ്പുന്ന ഭക്ഷണശാലകൾ മരണത്തിന്റെ വ്യാപാര കേന്ദ്രങ്ങളായി മാറുമ്പോൾ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും പ്രബുദ്ധ കേരളം തയ്യാറാകുന്നില്ല. ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിക്കുന്നത് നാലാമത്തെ തവണയാണ്. ഈ നാല് മരണങ്ങളും സംഭവിച്ചത് കേരള ഭക്ഷണം കഴിച്ചിട്ടോ സസ്യാഹാരം കഴിച്ചിട്ടോ അല്ല. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട പല ഭക്ഷ്യവിഷബാധ കേസുകളിലും പ്രധാന വില്ലൻ അറബിക് ഭക്ഷണമാണെന്ന് അഞ്ചു ചൂണ്ടിക്കാട്ടുന്നു.
അറബിക് ഭക്ഷണം വില്ലനാണ് എന്ന് എഴുതുമ്പോൾ മുറവിളി കൂട്ടാറുള്ളവരോടു പറയാനുള്ളത് അറബിക് ഭക്ഷണം അറേബ്യൻ രാജ്യങ്ങളിൽ ആരോഗ്യപ്രദം ആകുന്നതിന് കാരണം അവിടുത്തെ കാലാവസ്ഥയ്ക്ക് അത് യോജ്യമായതുകൊണ്ടാണ്. ഭക്ഷ്യസുരക്ഷാ പാളിച്ചകൾ ഇല്ലാതെയാണ് അവിടെ ഭക്ഷണം പാകം ചെയ്യുന്നത്. അവിടെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ തെറ്റിച്ചാൽ പിന്നെ അത് വിളമ്പിയ ഭക്ഷണശാല ഒരിക്കലും തുറക്കില്ല. അബദ്ധവശാൽ ഒരു മരണം സംഭവിച്ചാൽ പിന്നെ ആ ഉടമ പുറം ലോകം കാണില്ല. എന്നാൽ ഇവിടുത്തെ സ്ഥിതി അങ്ങനെയാണോ എന്ന് അവർ ചോദിക്കുന്നു.
മലയാളികൾ വൈവിധ്യമാർന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ഇടയിലേക്ക് പുതിയതായി വന്നതാണ് അൽഫാം കുഴിമന്തി തുടങ്ങിയവ. കൃത്യമായ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചു രുചിയോടെ പാകം ചെയ്യേണ്ടതാണ് അറബിക് ഭക്ഷണങ്ങൾ. ഈ ഭക്ഷണം സ്റ്റോർ ചെയ്യുന്നത് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. ഇതിന്റെ ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെടുകാര്യസ്ഥതയും കിമ്പളവും കൂടിയാകുമ്പോൾ നിയമങ്ങൾ കാറ്റിൽ പറത്തി മുക്കിനും മൂലയിലും അറബി ഭക്ഷണങ്ങൾ മുളച്ചു പൊന്തുകയാണ്. ലാഭക്കൊതി മൂത്ത ഉടമകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പഴകിയ മാംസം ചേർത്ത് ഇവ വിളമ്പുകയാണ്. അങ്ങനെ അറബിക് ഭക്ഷണം കേരളത്തിൽ മരണത്തിന്റെ ഭക്ഷണമായി മാറുന്നു.
മതം പറയുന്നു എന്ന ചിന്ത മാറ്റിനിർത്തി നമ്മുടെ കുട്ടികൾ ശുചിത്വമുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. അവര്‍ക്ക് ശുചിത്വമുള്ള ഭക്ഷണം
കൊടുക്കണമെന്ന് നമ്മൾ ചിന്തിച്ചാൽ ഇനി ഇതുപോലെ ഒരു ദേവനന്ദയോ അഞ്ചുവോ ഉണ്ടാകില്ല. എന്നാൽ ആ ചിന്ത ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന മതം പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചീമുട്ടകൾ ഉള്ളടത്തോളം കാലം ഇതിന് ഒരു അറുതി ഉണ്ടാകില്ലെന്ന് അഞ്ചു പറയുന്നു.