കേരളത്തെ ആകമാനം ഞെട്ടിച്ച സംഭവമായിരുന്നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ഇരട്ട നരബലി. ഇപ്പോഴിതാ ഇലന്തൂരിലെ ഭഗവത് സിംഗിന്റെ വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് കുഴിമാടങ്ങൾ കൂടി ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രദേശവാസികൾ. നേരത്തെ തന്നെ ഇത് പോലീസിനെ ധരിപ്പിച്ചിരുന്നുവെങ്കിലും അത് പോലീസ് ഗൗനിച്ചില്ലന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ കൊലചെയ്യപ്പെട്ട പത്മയുടെയും റോസിലിയുടെയും മൃതദേഹങ്ങൾ മറവ് ചെയ്തിരുന്നത് പോലെയാണ് ഇപ്പോൾ കണ്ടെത്തിയ കുഴിമാടവും. ഇരട്ട നരബലിയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ ഇതേക്കുറിച്ച് അറിയിച്ചെങ്കിലും കാര്യമായി പരിഗണിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയും ഇത് പോലീസ് അന്വേഷിക്കാത്ത പക്ഷം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
കാട് മൂടി കിടക്കുന്ന സ്ഥലത്താണ് ഈ കുഴിമാടങ്ങൾ ഉള്ളത്. ഒരെണ്ണം വീടിന് മുറ്റത്തിനോട് ചേർന്നാണ്. അവിടെ ശങ്കുപുഷ്പ ചെടി നട്ടുവളർത്തിയിട്ടുണ്ട്. മറ്റൊരു കുഴിമാടം ഉള്ളത് പത്മയെ കുഴിച്ചുമൂടിയ സ്ഥലത്താണ്. നരബലി പുറത്തു വരുന്നതിനു മുൻപ് തന്നെ ഈ ഭാഗത്ത് നിന്നും ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറയുന്നു. നരബലി അന്വേഷണം നടക്കുന്നതിനിടെ പോലീസ് നായ്ക്കൾ ഈ രണ്ടു സ്ഥലങ്ങളിലും ഒരുപാട് സമയം നിൽക്കുകയുണ്ടായി.
കേസ് പുറത്തു വന്നതിനുശേഷം മൃതദേഹ അവശിഷ്ടങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തിയപ്പോൾ മറ്റു രണ്ടു കുഴികളെക്കുറിച്ച് പോലീസിനോട് നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. അന്ന് സംഭവ സ്ഥലത്ത് എത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും കാര്യം പറഞ്ഞു. എന്നാൽ നിലവിൽ അന്വേഷണം നടക്കുന്നത് പത്മയുടെയും റോസിലിന്റെയും തിരോധാനവുമായി ബന്ധപ്പെട്ടാണ് എന്നായിരുന്നു പോലീസ് നൽകിയ മറുപടി.