വിദ്യാർഥികൾക്ക് സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിൽ നിരോധനം ഏർപ്പെടുത്തേണ്ട ആവശ്യമില്ല എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് സമർപ്പിച്ച ഹാർജയിലാണ് ഈ നിർണായകമായ ഉത്തരവുണ്ടായിരിക്കുന്നത്. കുട്ടിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ തിരികെ നൽകാനും കമ്മീഷന്‍ നിർദ്ദേശിച്ചു. എന്തെങ്കിലും പ്രത്യേകമായ ആവശ്യമുണ്ടെങ്കിൽ രക്ഷിതാവിന്റെ അറിവോടുകൂടി സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയോ ഭൂമി നെടുകെ പിളരുകയും ചെയ്യില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. റെനി ആന്റണി ,കെ വി മനോജ് കുമാർ , ബി ബബിത എന്നിവര്‍ അടങ്ങിയ ഫുള്‍ ഡിവിഷൻ ബെഞ്ച് ആണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
എന്നാൽ സ്കൂളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട എന്ന നിലപാടിനോട് കമ്മീഷൻ യോജിച്ചു. സ്കൂൾ സമയം കഴിയുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നതിന് അധികൃതര്‍ സൗകര്യം ഒരുക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഒരു കുട്ടിയുടെ അഭിമാനത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിൽ ശരീര പരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണമെന്നും കമ്മീഷൻ പറഞ്ഞു. ഒപ്പം സമൂഹ മാധ്യമങ്ങളും ഇന്റർനെറ്റും സുരക്ഷിതമായി ഉപയോഗിക്കുന്നതിന് വേണ്ട പരിശീലനം എല്ലാ കുട്ടികൾക്കും നൽകുന്ന പദ്ധതി ആവശ്യമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.