ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ടു ടെലിവിഷനിലും മിനിസ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വാഴക്കാട് തടായി വീട്ടിൽ സുബൈർ എന്ന സുബൈർ വാഴക്കാട്. അദ്ദേഹത്തിന്റെ ഫുട്ബോൾ നിരീക്ഷണത്തിന് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് പണിയുന്നതിനുള്ള സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുഎഇ വ്യവസായി.
ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ എംഡി അഫി അഹമ്മദ് ആണ് സുബൈറിന്റെ ചിരകാല സ്വപ്നമായ വീട് നിർമ്മിച്ചു നൽകുന്നത്. ഇപ്രാവശ്യം നാട്ടിലെത്തിയപ്പോൾ വീടിന്റെ കുറ്റിയടിക്കൽ നടത്തിയതിനു ശേഷം ആണ് അഫി അഹമ്മദ് തിരിച്ച് യുഎഇയിലേക്ക് പോയത്. വീടുപണിയുടെ നിർമ്മാണത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു അദ്ദേഹം സുബൈറിന് കൈമാറി.
മലബാർ ഭാഷയിൽ ഫുട്ബോള്‍ കളിയെ കുറിച്ച് അവലോകനം നടത്തുന്ന സുബൈർ ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ്. അദ്ദേഹത്തിന്റെ കമന്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഫുട്ബോൾ ആവേശത്തിൽ നാട്ടുകാരുടെ ഒപ്പം പങ്കുചേരുകയും അവർക്ക് ഫുട്ബോൾ ലഹരി പകർന്നു കൊടുക്കുകയും ചെയ്ത സുബൈറിന് സ്വന്തമായി ഒരു വീടില്ലെന്ന ദുഃഖം കാലങ്ങളായി ഉണ്ടായിരുന്നു. ഒരു പഴക്കം ചെന്ന വീട്ടിലാണ് ഇപ്പോൾ സുബൈർ താമസിക്കുന്നത്. ഫുട്ബോൾ പ്രേമികളുടെയും അതുപോലെതന്നെ ചില ജനപ്രതിനിധികളുടെയും പിന്തുണയാണ് സുബൈറിന് വീട് നിർമ്മാണത്തിന് കൂട്ടായിട്ടുള്ളത്. രണ്ട് കിടപ്പുമുറികൾ ഉള്ള വീടാണ് സുബൈറിന് വേണ്ടി നിർമ്മിക്കുന്നത്. ഈ വീടിന് ആകെ 8 ലക്ഷം രൂപ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.വീടിന്റെ ആദ്യത്തെ ഗഡുവായ നാല് ലക്ഷം രൂപ അഫി അഹമ്മദ് സുബൈറിന് കഴിഞ്ഞ ദിവസം നൽകി.