നോൺ വെജ് ഭക്ഷണത്തിനോട് യാതൊരു വിധത്തിലുമുള്ള എതിർപ്പും തനിക്കില്ലെന്നും ജാതിയും മതവും പറഞ്ഞു ഭക്ഷണ സാധനത്തിൽ വർഗീയത കലർത്തുന്നതിനോടാണ് ശക്തമായ വിയോജിപ്പുള്ളതെന്നും പഴയിടം നമ്പൂതിരിയുടെ മകൻ യദു പഴയിടം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു സാഹചര്യം ഉള്ളതുകൊണ്ടു തന്നെ വരുന്ന ശാസ്ത്രമേളയ്ക്കും കായിക മേളയ്ക്കുമൊന്നും ഭക്ഷണം പാചകം ചെയ്യാൻ തങ്ങൾ ഉണ്ടാവില്ലന്ന് യദു അറിയിച്ചു. യദു പഴയിടം എം ബീ എ ബിരുദധാരിയാണ്. വളരെ വർഷങ്ങളായി എല്ലാ കലോത്സവങ്ങളിലും പിതാവ് മോഹനൻ നമ്പൂതിരിയുടെ ഒപ്പം യദുവും പങ്കെടുക്കാറുണ്ട്.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻറെ ദേശീയ സമ്മേളനത്തിന് ഭക്ഷണം ഒരുക്കുന്നത് യദുവാണ്. തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിന്റെ കലവറയിൽ നോൺവെജ് വിഭവങ്ങൾ ഒരുക്കുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ ഇനിയും കൂടുതൽ ചിന്തിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തങ്ങളെ തകർക്കുന്നതിന് ഒരു വലിയ ലോബി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ വിവാദങ്ങൾ അഴിച്ചു വിട്ടത് അവരാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളിൽ നോൺവെജ് വിഭവങ്ങൾ വിളമ്പുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് കഴിഞ്ഞ ദിവസം രാത്രി വിളമ്പിയത് ചിക്കൻ മഞ്ചൂരിയന്‍ അടങ്ങുന്ന നോൺ വെജ് വിഭവങ്ങൾ ആയിരുന്നു. കൂടാതെ ചിക്കൻ 65 , ചിക്കൻ സൂപ്പ് , ബട്ടർ ചിക്കൻ , മീൻ വറ്റിച്ചത് ചിക്കൻ ഉലർത്തിയത് മീൻ മാങ്ങയിട്ടത്, ചിക്കൻ മസാല, ബീഫ് കൊണ്ടാട്ടം തുടങ്ങി നിരവധി വിഭവങ്ങളും യദു പഴയിടത്തിന്റെ നേതൃത്വത്തിൽ വിളമ്പുകയുണ്ടായി. പരിപാടിയുടെ അവസാന ദിവസം മട്ടൻ ബിരിയാണിയായിരുന്നു പ്രധാന വിഭവം.