ഉത്തരാഖണ്ഡിലുള്ള ജോഷി മഠില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള രക്ഷാപ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്. എന്നാൽ പ്രദേശത്ത് കടുത്ത തണുപ്പ് ഉള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. നിലവിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഈ പ്രദേശത്തു നിന്നും എത്രയും പെട്ടെന്ന് ജനങ്ങളെ പൂർണമായി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ് അധികൃതർ. മിക്ക സ്ഥലങ്ങളിലും കടുത്ത വിള്ളലാണ് ഉണ്ടായിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ളവരുടെ അപകട സാധ്യത പരിഗണിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയിട്ടുണ്ട്. അതേസമയം സ്വന്തം വീടും സ്വത്തുവകകളും നഷ്ടപ്പെടുത്തി ക്യാമ്പിലേക്ക് മാറാൻ തയ്യാറാകത്തവരും ഉണ്ട്. എന്നാൽ ഈ പ്രദേശത്ത് വാടക വീട്ടിൽ താമസിക്കുന്ന എല്ലാവരും തന്നെ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്.
ഇപ്പോൾ ജോഷി മഠില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസത്തെ കുറിച്ച് വിശദമായ പഠനം നടന്നു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അപ്രതീക്ഷിതമായ ഈ പ്രതിഭാസത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള പഠനം പുരോഗമിക്കുകയാണ്. ഇതിനായി ഒരു വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സംഘത്തിന് നേതൃത്വം നൽകുന്നത് പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയാണ്.
നേരത്തെ ഹേമകുണ്ഡ് , ബദ്രിനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളുടെ കവാടം വിള്ളൽ മൂലം നലം പതിച്ചിരുന്നു. ഈ ഭാഗത്തു നിന്ന് മാത്രം 70ലധികം കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. ദുരിതബാധിതർക്ക് ജില്ലാ ഭരണകൂടം അവശ്യ സാധനങ്ങൾ എല്ലാം വിതരണം ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഈ പ്രദേശം. നിലവിൽ അറുന്നൂറിലധികം കെട്ടിടങ്ങൾക്കാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്.