അവധി നൽകണമെന്ന ആവശ്യം മുന്നോട്ടു വച്ച് പല കാരണങ്ങളും ബോധിപ്പിക്കാറുണ്ട്. പ്രധാനമായും വിവാഹം , മരണം തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് പലരും ഒന്നിലധികം ദിവസങ്ങള്‍ അവധിക്കു അപേക്ഷിക്കാറുള്ളത്. അതുകൊണ്ടുതന്നെ അത് വാർത്തയാകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നാൽ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഉത്തർപ്രദേശിൽ ഒരു പോലീസ് കോൺസ്റ്റബിൾ അവധി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലെ വ്യത്യസ്ഥമായ കാരണം കൊണ്ട് തന്നെ അത് സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ഭാര്യ തന്നോട് കടുത്ത ദേഷ്യത്തിൽ ആണെന്നും ഫോൺ വിളിച്ചാൽ മറുപടി നൽകുന്നില്ലെന്നും കാണിച്ചാണ് ഇയാള്‍ അവധി ആവശ്യപ്പെട്ടത്. തനിക്ക് ഒരാഴ്ചത്തെ അവധി വേണമെന്നാണ് കോൺസ്റ്റബിൾ മേലുദ്യോഗസ്ഥനു സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ പറയുന്നത്.
ഈ കത്തെഴുതിയിരിക്കുന്നത് ഉത്തർപ്രദേശിലെ മൗ സ്വദേശിയും മഹാരാജ് ഗഞ്ച് ജില്ലയിലെ പോലീസ് കോൺസ്റ്റബിളും ആയ ഗൗരവ് ചൗധരിയാണ്. വിചിത്രമായ ആവശ്യം ഉന്നയിച്ചു കൊണ്ട് അവധി വേണമെന്ന ആവശ്യവുമയി കോൺസ്റ്റബിൾ ഈ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് എ എസ്പിക്ക് ആണ്. ഗൌരവ് ചൌധരി ജോലി ചെയ്യുന്നത് മഹാരാജ് ഗഞ്ച് ജില്ലയിലെ ഇന്ത്യ നേപ്പാൾ അതിർത്തിയിലുള്ള നൌദന്‍വ പോലീസ് സ്റ്റേഷനിലാണ്. ഗൗരവ് ചൗധരി വിവാഹതനാകുന്നത് 2022 ഡിസംബറിലാണ്. പിന്നീട് ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹത്തിന് ഭാര്യയുടെ ജന്മദിനത്തിനോടനുബന്ധിച്ച് വീട്ടില്‍ എത്താൻ കഴിഞ്ഞില്ല. ഇതോടെ ഭാര്യ പിണങ്ങി. പലയാവൃത്തി വിളിച്ചിട്ടും അവര്‍ ഫോൺ എടുക്കാന്‍ കൂട്ടാക്കുന്നില്ല.
ഈ കാരണം ചൂണ്ടിക്കാട്ടിയാണ് കോൺസ്റ്റബിൾ ഉയർന്ന ഉദ്യോഗസ്ഥന് മുന്നില്‍ അപേക്ഷ സമർപ്പിച്ചത്. ഗൌരവിന്റെ ഈ നീക്കം എന്തായാലും വിജയം കണ്ടു. അവധി ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷയിലെ വ്യത്യസ്തതയും അത് തുറന്നു പറയാൻ കാണിച്ച സത്യസന്ധതയും മുൻനിർത്തി ഇയാൾക്ക് അഞ്ചുദിവസത്തെ അവധി നൽകുകയായിരുന്നു.