മലയാളിക്ക് എത്ര കേട്ടാലും മടുക്കാത്ത ശബ്ദ സൗഭാഗ്യമാണ് യേശുദാസ്. പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സിനെ തൊട്ടുണർത്തുന്ന പാട്ടിൻറെ വിസ്മയത്തിന് ഇന്ന് 83 ആം പിറന്നാൾ. ഗാന ഗന്ധർവൻ എന്ന് മലയാളി ഇന്നോളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു. ആ ശബ്ദം കേട്ട് ഉണരുകയും ആ ശബ്ദത്തിൽ മയങ്ങി ഉറങ്ങുകയും ചെയ്യുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. യേശുദാസിന്റെ പാട്ടുകൾ കേള്‍ക്കാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ എന്ന് തന്നെ സംശയമാണ്.
1961 നവംബർ 14നാണ് കാൽപ്പാടുകൾ എന്ന ചിത്രത്തിനു വേണ്ടിയാണ് 21 കാരനായ യേശുദാസിന്റെ ശബ്ദം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോര്‍ഡ് ചെയ്യുന്നത്. ഈ ചിത്രത്തിൻറെ സംഗീത സംവിധായകൻ എം ബി ശ്രീനിവാസനായിരുന്നു. അന്നു തുടങ്ങിയ സംഗീതയുഗം ഇന്ത്യയിൽ ഉടനീളം നിലയ്ക്കാതെ അലയടിച്ചു കൊണ്ടേയിരിക്കുന്നു. കാശ്മീരി, കൊങ്ങിണി, ആസാമീസ് എന്നീ ഇന്ത്യൻ ഭാഷകളിൽ ഒഴികെ മറ്റെല്ലാ പ്രധാന ഭാഷകളിലും അദ്ദേഹം തന്റെ ശബ്ദ മാധൂര്യം കൊണ്ട് വിസ്മയം തീർത്തിട്ടുണ്ട്.
ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല ശാസ്ത്രീയ സംഗീത ലോകത്തും അദ്ദേഹം നിറസാന്നിധ്യമായി മാറി. ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ ഗായകന്‍ എന്ന ബഹുമതിയും യേശുദാസിന് മാത്രം അവകാശപ്പെടാവുന്നതാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല വിവിധ ഭാഷകളിൽ നിന്ന് മികച്ച ഗായകനുള്ള അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
യേശുദാസിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് കൊച്ചി പാടിവട്ടം അസീസിയ കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് മമ്മൂട്ടിയാണ്. പരിപാടിയിൽ ചലച്ചിത്രമേഖലയിലെ പ്രമുഖരും ഒപ്പം അദ്ദേഹത്തിന്‍റെ സഹപാഠികളും മറ്റു കലാകാരന്മാരും പിന്നണി ഗായകനും പങ്കെടുക്കും. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. കൂടാതെ എംജി ശ്രീകുമാർ , ഉണ്ണിമേനോൻ , വിജയ് യേശുദാസ് എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം ഗായിക , ഗായകന്മാർ ചേർന്ന് അദ്ദേഹത്തിന് ആശംസാ ഗീതാഞ്ജലി അർപ്പിക്കും.