ജമ്മു കാശ്മീരിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് ഏഴ് സംസ്ഥാനങ്ങളിലൂടെ നടന്നു കോട്ടയം ജില്ലയിലെ ചിറക്കടവിൽ അയ്യപ്പൻ വിളക്കും എടുത്ത് എരുമേലിയിൽ പേട്ടതുള്ളി മകരവിളക്ക് തൊഴാൻ കരിയപ്പസ്വാമി എന്ന 37 കാരൻ സന്നിധാനത്ത് എത്തുമ്പോൾ അത് ഒരു തീർത്ഥാടകന്റെ പദയാത്ര മാത്രമല്ല ഭാരതപര്യടനം കൂടിയാണ്. പ്രഭാത് കുമാർ കരിയപ്പ എന്നാണ് ഈ മംഗലാപുരത്തുകാരന്റെ യഥാർത്ഥ പേര്. ഇദ്ദേഹം അവിവാഹിതനാണ്. നാട്ടിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുകയാണ്.
11 വർഷം അദ്ദേഹം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ അയ്യനെ കാണാൻ അദ്ദേഹം എത്തുന്നത് 4000ത്തിൽ അധികം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി ചിറക്കടവ് മഹാദേവ ക്ഷേത്രദർശനം അദ്ദേഹത്തിന്റെ ശബരിമല യാത്രയുടെ ഭാഗമാണ്. കൂടാതെ ചിറക്കടവിലെ അയ്യപ്പൻ വിളക്കിലും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന അയ്യപ്പൻ വിളക്കിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. ചിറക്കടവ് ക്ഷേത്രത്തിലെത്തി വിരി വെച്ച് എരുമേലി വഴിയുള്ള കാനന പാതയിലൂടെ ശബരിമലയിലേക്ക് നിരവധി തീർത്ഥാടകർ പോകാറുണ്ട്. എന്നാൽ ഭാരതത്തിൻറെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെ നടന്നാണ് കരിയപ്പസ്വാമി തന്‍റെ തീർത്ഥാടനം പൂർത്തിയാക്കുന്നത്.
18 പുരാണങ്ങൾക്ക് അധിപനായ ശബരിമല ശ്രീധർമ്മശാസ്താവിന്റെ തിരുസന്നിധിയിലേക്ക് അദ്ദേഹം യാത്ര പുറപ്പെടുന്നത് കഴിഞ്ഞ ഓഗസ്റ്റ് 28നാണ്. മംഗലാപുരം കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചാണ് അദ്ദേഹം ജമ്മു കാശ്മീരിൽ എത്തിയത്. മുപ്പതാം തീയതി ത്രികൂടാചലത്തിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തിയ അദ്ദേഹം 31ന് അവിടെ നിന്നും കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള തൻറെ യാത്ര ആരംഭിച്ചു. പതിനാലാം തീയതി മകരവിളക്ക് ദിവസം അദ്ദേഹം സന്നിധാനത്ത് എത്തിച്ചേരും.