ആർത്തവ ദിനങ്ങളിൽ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധി വേണം; സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി

ആർത്തവം ഉണ്ടാവുന്ന ദിവസങ്ങളിൽ സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ  അവധി നൽകണമെന്ന ആവശ്യമുന്നയിച്ചത് സുപ്രീം കോടതിയിൽ പൊതു താല്‍പര്യ ഹർജി സമർപ്പിച്ചു. പ്രമുഖ അഭിഭാഷകയായ ശൈലേന്ദ്ര മണിയാണ് സുപ്രീം കോടതിയിൽ ഈ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ആർത്തവ ദിനങ്ങളിൽ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധി വേണം; സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി 1

ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഒരു വ്യക്തി എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടോ അതിനു സമാനമായ വേദനയാണ് ആർത്തവം ഉണ്ടാകുന്ന ദിവസങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്നത് എന്ന് ഹർജിക്കാരി കോടതിയിൽ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്റെ പഠന റിപ്പോർട്ടും ഇവർ ഹർജിയുടെ ഒപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ആർത്തവം ഉള്ള ദിവസങ്ങളിൽ സ്ത്രീകൾ വല്ലാത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയങ്ങളിൽ ഓഫീസിൽ എത്തിയാൽ പോലും അവരുടെ ഉത്പാദനക്ഷമതയെ അത് പ്രതികൂലമായി ബാധിക്കും. ആര്‍ത്തവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീ നിരവധി സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിന്‍റെ ഒപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സമ്മർദ്ദം കൂടിയാകുമ്പോൾ അത് അവരെ മാനസികവും ശാരീരികവുമായി തളർത്തുമെന്ന് ഹർജിക്കാർ വാദിക്കുന്നു.

നിലവിൽ ബൈജൂസ് , സൊമാറ്റോ സ്വിഗ്ഗി, തുടങ്ങി രാജ്യത്തിലെ വിവിധ സ്ഥാപനങ്ങൾ ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടു കൂടിയുള്ള അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹർജിക്കാരി പറയുന്നു. നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ചില ഗ്രൂപ്പുകളിൽ ചർച്ച സജീവമാണ്. സ്ത്രീകളുടെ ശാരീരിക പ്രക്രിയ എന്ന നിലയിൽ അവരെ പ്രത്യേകം പരിഗണിക്കണമെന്നും ആർത്തവ ദിനങ്ങള്‍ അവരെ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നുമുള്ള ആശയം നിരവധി ഫെമിനിസ്റ്റ് സംഘടനകൾ മുന്നോട്ട് വച്ചിട്ടുണ്ട്.

Exit mobile version