വീട്ടിൽ നായകൾ ഉണ്ടെങ്കിൽ അവിടേക്ക് കടക്കാൻ കള്ളന്മാർ ഒന്ന് ഭയക്കും. നായകള്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ വിവരം അറിയിയ്ക്കും. എന്നാൽ ഇടുക്കി പാറശ്ശേരിയിലെ ഒരു കുടുംബത്തിൽ അതിക്രമിച്ച് കടന്ന കള്ളന്മാരെ തുരത്തിയത് നായ്ക്കളെല്ല. മാളു എന്നും പാറു എന്നും പേരുള്ള രണ്ട് പശുക്കളാണ്. വീട്ടിൽ മോഷ്ടിക്കാൻ എത്തിയ കള്ളനെ തുരത്തി ഓടിച്ചാണ് മാളുവും പാറുവും നാട്ടില്‍ താരങ്ങളായി മാറിയത്.
കഴിഞ്ഞ ദിവസമാണ് ഇടുക്കി പാറശ്ശേരിയിൽ ഉള്ള കുരിയൻ എന്നയാളുടെ വീട്ടിൽ മോഷണത്തിന് ശ്രമം നടന്നത്. കെട്ടിയിട്ടിരുന്ന പശുക്കളെ കള്ളന്മാർ അഴിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ ഇവ ഉച്ചത്തിൽ ബഹളം വെച്ചു. കയർ അഴിച്ചു മാറ്റിയിട്ടും പശുക്കൾ രണ്ടും കൂടിന് പുറത്തിറങ്ങാൻ തയ്യാറായില്ല. മാത്രമല്ല രണ്ട് പശുക്കളും ഉച്ചത്തിൽ അമറുകയും ചെയ്തു. ഇതോടെ പശുക്കളെ തീറ്റ കൊടുത്ത് ശാന്തരാക്കാറുള്ള ശ്രമം കള്ളൻ നടത്തി. പക്ഷേ അതുകൊണ്ടൊന്നും മാളുവിനെയും പാറുവിനെയും വശത്താക്കാൻ കള്ളനു കഴിഞ്ഞില്ല. പശുക്കള്‍ ബഹളം വയ്ക്കുന്നത് തുടര്‍ന്നു. പശുക്കളുടെ ബഹളം കേട്ട് വീട്ടുകാർ ഉണർന്നുതോടെ കുര്യൻറെ ഭാര്യയുടെ സ്കൂട്ടിയും എടുത്ത് കള്ളന്‍ കടന്നു കളഞ്ഞു.
വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തൊഴുത്തിൽ പശുക്കളെ അഴിച്ചു വിട്ട നിലയിൽ കണ്ടെത്തിയത്. മാത്രമല്ല പശുക്കൾ റോഡിലേക്ക് നോക്കി ഉച്ചത്തിൽ കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് വീട്ടിൽ ഉണ്ടായിരുന്ന സ്കൂട്ടർ കാണാതായ വിവരം വീട്ടുകാർ മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അര കിലോമീറ്റർ അകലെ വാഹനം ഉപേക്ഷിച്ചതായി കണ്ടെത്താൻ കഴിഞ്ഞു.