ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് വെള്ളം. ജീവന്‍ നിലനിര്‍ത്തുന്നതിന് വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കണമെന്നു ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഒരു മനുഷ്യൻ ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ വെള്ളം ശരീരത്തിന്‍റെ ഉള്ളില്‍ ചെന്നില്ലെങ്കിൽ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
ഇപ്പോഴിതാ ശരീരത്തിലെ ജലാംശം കുറയുമ്പോൾ സെറം സോഡിയം മുകളിലേക്ക് പോകുമെന്നും ഇത് അകാല മരണത്തിനു പോലും കാരണമാകുമെന്നും ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ,അതുപോലെ തന്നെ ഹൃദ്യോഗത്തിനും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ ഉണ്ടായിട്ടുള്ളത്.
സെറം സോഡിയത്തിന്റെ തോത് 142 മുകളിലാണെങ്കിൽ അത് പക്ഷാഘാതം ഹൃദയാഘാതം അതുപോലെ തന്നെ ശ്വാസ കോശവുമായി ബന്ധപ്പെട്ട രോഗങ്ങൾ , പ്രമേഹം , മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. അതുകൊണ്ടു തന്നെ സോഡിയം സെറത്തിൻറെ അളവ് 138 നും 140 നും ഇടയിൽ നിലനിർത്തുന്നത് മറവിരോഗം വരാതിരിക്കാനുള്ള സാധ്യത കുറയ്ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. നിത്യജീവിതത്തിൽ വെള്ളവും, ജ്യൂസ് ഉൾപ്പെടെയുള്ള ദ്രവ പദാര്‍ത്ഥങ്ങള്‍ കുടിക്കുന്നതോടൊപ്പം ജലാംശം കൂടുതല്‍ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ശരീരത്തിനുള്ളിൽ ചെല്ലുന്നത് ഏറെ ആരോഗ്യപ്രദമാണെന്നും ഗവേഷകര്‍ പറയുന്നു.