രാജ്യത്തെ മഹാനഗരങ്ങളുടെ പട്ടികയിലേക്ക് ചേക്കേറാൻ പല ടൗൺഷിപ്പുകളും ഇപ്പോള്‍ മത്സരിക്കുകയാണ്. നിരവധി നഗരങ്ങൾ ഈ പട്ടികയിൽ ഇടം പിടിക്കുന്നതിനായുള്ള മത്സരത്തില്‍ ഉണ്ട്. ഉത്തരേന്ത്യയിലെ നോയിഡ ആയിരിക്കും ഈ പട്ടികയിൽ ആദ്യത്തെ സ്ഥാനത്ത് ഉണ്ടാവുക. ഇതിന്‍റെ പ്രധാന കാരണം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേക്ക് കുടിയറി പാർക്കാൻ എത്തുന്നത് എന്നത് തന്നെ . ലക്ഷക്കണക്കിന് പേരാണ് ഇങ്ങോട്ടേക്ക് മാറാനായി വേണ്ടി തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ നോയിഡയിൽ ഭൂമിക്ക് വലിയ വിലയാണ് ഇപ്പോള്‍. വാണിജ്യ സ്ഥാപനങ്ങളുടെ വാടകയിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ താമസിക്കാൻ ഇടം കണ്ടെത്തുക എന്ന് പറയുന്നത് തന്നെ ഒരു വലിയ വെല്ലുവിളിയാണ്.
കടമുറികൾ വാടകയ്ക്ക് ലഭിക്കുന്നതിനു വേണ്ടി വലിയൊരു തുക മുൻകൂർ ഡിപ്പോസിറ്റ് ആയി നൽകണം. അടുത്തിടെ ഒരു പാൻ കച്ചവടക്കാരൻ ഒരു ചെറിയ കിയോസ്ക് ലേലത്തിൽ പിടിച്ചത് തന്നെ വലിയൊരു തുകയ്ക്കാണ്. ഇതേത്തുടര്‍ന്നു നോയിഡയുടെ വികസന കുതിപ്പിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
നോയിഡയിലെ സെക്ടർ 18 ൽ ഒരു ചെറിയ കിയോസ്ക് വാടകയ്ക്ക് ലേലത്തിലൂടെ പിടിച്ചത് വമ്പൻ തുകയ്ക്കാണ്. 20 പേരാണ് ലേലം കൊള്ളാൻ വേണ്ടി എത്തിയത്. ലേലത്തില്‍ വിജയിച്ചത് ഒരു പാൻ വിൽപ്പനക്കാരൻ ആണ്. പ്രതിമാസം മൂന്നരലക്ഷം രൂപയ്ക്കാണ് ഇയാൾ ഈ കിയോസ് സ്വന്തമാക്കിയത്. വെറും 7.59 ചതുരശ്ര മീറ്റർ മാത്രമാണ് ഈ വ്യാപാര സ്ഥാപനത്തിന്റെ ആകെയുള്ള വലിപ്പം എന്നറിയുമ്പോഴാണ് അതിന്‍റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകുന്നത് . ഈ കടമുറിയുടെ അടിസ്ഥാന വടകയായി നിശ്ചയിച്ചിട്ടുള്ളത് 27000 രൂപയാണ്.