ഇന്ത്യയിൽ നിന്നും കയറ്റി അയച്ച യൂ പീ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക് നിർമ്മിച്ച രണ്ട് കഫ് സിറപ്പുകൾ കഴിച്ച് ഉസ്ബകിസ്ഥാനിൽ 19 കുട്ടികൾ മരിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ കഫ് സിറപ്പുകള്‍ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരുന്നു. മാരിയോൺ കമ്പനി നിർമ്മിച്ച ഡോക്ക് വൺ മാക്സ് , ആമ്പ്രനോൾ എന്നീ മരുന്നുകൾ കഴിച്ച കുട്ടികളാണ് മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയിൽ ഈ മരുന്നുകളിൽ ഇഥിലിൻ ഗ്ലൈക്കോൾ, ഡൈ ഇഥിലിന്‍ ഗ്ലൈക്കോൾ എന്നീ വിഷാംശം ഉള്ളതായി കണ്ടെത്തിയിരുന്നു.
എങ്ങനെയാണ് കഫ് സിറപ്പുകൾ മരണകാരണമായി മാറിയത് എന്ന് WHO പുറത്തു വിട്ട റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആയിരുന്നില്ല ഈ മരുന്ന് കുട്ടികൾക്ക് നൽകിയിരുന്നത്. മാത്രമല്ല അമിതമായ അളവിലാണ് മാതാപിതാക്കൾ ഈ മരുന്ന് കുട്ടികൾക്ക് കൊടുത്തത് എന്നും പറയപ്പെടുന്നു. ഇത് കുട്ടികളുടെ ആരോഗ്യ നില കൂടുതൽ വഷളാകാന്‍ ഇടയാക്കി.
ഈ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന വിഷ വസ്തു അമിതമായ അളവിൽ ശരീരത്തിൽ എത്തിയത് പലവിധമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് കുട്ടികളിൽ തലകറക്കം, നെഞ്ചുവേദന ചർദ്ദി എന്നിവ ഉണ്ടാകാന്‍ കരണമാകും.
ആദ്യമായിട്ടല്ല കഫ് സിറപ്പുകളിൽ ഇഥിലിൻ ഗ്ലൈക്കോൾ, ഡൈ ഇഥിലിന്‍ ഗ്ലൈക്കോൾ എന്നിവയുടെ സ്വാധീനം കണ്ടെത്തുന്നത്. നേരത്തെ തന്നെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതാണ്. ഇവ ഗുരുതരമായ അളവിൽ ശരീരത്തിൽ എത്തിയാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതോടൊപ്പം ജീവൻ വരെ നഷ്ടപ്പെടാൻ കാരണമായേക്കാം. ഇഥിലിൻ ഗ്ലൈക്കോൾ മരുന്നുകളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായാണ്. ഈ പ്രിസർവേറ്ററുകൾ മരുന്നിന് കട്ടി നൽകുന്നതോടൊപ്പം മധുരവും നൽകുന്നു. ഇതിനു മുൻപും ഇവ അടങ്ങിയ മരുന്നുകൾ കഴിച്ച് ആളുകൾ മരിച്ചിട്ടുണ്ട്.