പകൽ സമയം റയില്‍വേ സ്റ്റേഷനില്‍ ചുമട്ടു തൊഴിലാളി; രാത്രിയിൽ അധ്യാപകവൃത്തി; സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ട ഒഡീഷ സ്വദേശിയുടെ ജീവിതം

ഓരോ ദിവസവും നിരവധി വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ നമ്മുടെ മുന്നില്‍ എത്താറുണ്ട്. ഇതില്‍ ചിലത് വിനോദോപാധികളാണ്, എന്നാൽ മറ്റു ചിലതാകട്ടെ നമുക്ക് പ്രചോദനമായി മാറുന്നവയാണ്. ഇത്തരത്തില്‍ ഏവര്‍ക്കും പ്രചോദനമായി മാറുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ഒഡീഷയിൽ നിന്നുള്ള നാഗേഷ് പത്രോ എന്ന യുവാവാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയിലൂടെ താരം ആയിരിക്കുന്നത്.

പകൽ സമയം റയില്‍വേ സ്റ്റേഷനില്‍ ചുമട്ടു തൊഴിലാളി; രാത്രിയിൽ അധ്യാപകവൃത്തി; സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ട ഒഡീഷ സ്വദേശിയുടെ ജീവിതം 1

നാഗേഷ് പകൽ സമയങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ ചുമട്ടു തൊഴിലാളിയായി  ജോലി ചെയ്യുകയും രാത്രി കാലങ്ങളിൽ പാവപ്പെട്ട കുട്ടികൾക്ക് അറിവ് പകർന്നു നൽകുകയും ചെയ്യുന്ന  അധ്യാപകനും ആണ്. 31കാരനായ നാഗേഷ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പാർട്ട് ടൈം അധ്യാപകനായി ജോലി ചെയ്തു വരികയാണ്.

കഴിഞ്ഞ 12 വർഷത്തിൽ അധികമായി ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ ചുമട്ടു തൊഴിലാളിയായി ജോലി നോക്കുന്നുണ്ട്. 2006ല്‍  പഠനം നിർത്തിയ നാഗേഷ്  ജീവിതച്ചിലവിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 
കൂലിപ്പണിക്ക് ഇറങ്ങുന്നത്. പിന്നീട് തന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനരാരംഭിക്കുന്നത് 2012 ലാണ്. ഇതിൻറെ ഒപ്പം ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ ജോലിക്കും പോയി. ചുമട്ടു തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് നാഗേഷ് എം എ പഠനം പൂർത്തിയാക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം നിർധനരായ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്യുന്നുണ്ട്.

നാഗേഷിനെ കുറിച്ചുള്ള ഈ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐ ആണ് നാഗേഷിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

Exit mobile version