സംരക്ഷിത മൃഗമായി കരുതിപ്പോരുന്ന വരയാടിനെ ബലമായി കൊമ്പിൽ പിടിച്ചു നിർത്തി ചിത്രം എടുത്ത വൈദികനെയും സുഹൃത്തിനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എന്‍ എ ആർ സിറ്റി സെന്‍റ് മേരിസ് പള്ളി വികാരി ആയ ഫാദർ ഷെൽട്ടണും അദ്ദേഹത്തിൻറെ സുഹൃത്ത് ജോബി എബ്രഹാമും ആണ് പോലീസ് പിടിയിലായത്.
ഈ മാസം അഞ്ചാം തീയതിയാണ് ഈ സംഭവം നടന്നത്. പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്ക് പോകുന്നതിനിടെ ഫാദർ ഷെൽട്ടൻ വരയാടിന്റെ 2 കൊമ്പുകളിലും പിടിച്ചു നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. ഇത് മറ്റൊരു സഞ്ചാരി മൊബൈലിൽ പകർത്തി. ഇതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്.
തമിഴ്നാടിന്റെ സംസ്ഥാന മൃഗമായാണ് വരയാട്. ഇതിനെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിത മൃഗമായാണ് കരുതിപ്പോരുന്നത്. ഈ വരയാടിന് നീലഗിരി താർ എന്നും വിളിപ്പേരുണ്ട്. പോലീസ് പിടിയിലായ ഫാദറിനും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം തങ്ങളുടെ ഈ പ്രവർത്തി മറ്റൊരാൾ ചിത്രീകരിച്ച് മാധ്യമങ്ങൾ വഴി പ്രചരിച്ചതും അത് തമിഴ്നാട്ടില്‍ വലിയ പ്രശ്നമായി മാറിയതുമൊന്നും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. സംഭവം നടന്നു പിറ്റേ ദിവസം തന്നെ ഇവർ വാൽപ്പാറയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് പോലീസ് രാജാക്കാട് എത്തുമ്പോഴാണ് ഇവർ സംഭവം അറിയുന്നതു പോലും. ഇവരുടെ വാഹനത്തിൻറെ നമ്പർ പിന്തുടർന്നാണ് തമിഴ്നാട് പോലീസ് രാജാക്കാട് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോയമ്പത്തൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.