സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരെ ചാനലുകള്‍ പിൻവലിക്കണം; പണം മുടക്കുന്നവര്‍ക്ക് വേണ്ടിയാണ് ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്; സുപ്രീംകോടതി

രാജ്യത്ത് നിലനിൽക്കുന്ന ടെലിവിഷൻ ചാനലുകളിൽ ചിലത് പൊതു സമൂഹത്തിനിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാൻ ശ്രമിക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. ചില ചാനലുകൾക്ക് വ്യക്തമായ അജണ്ട ഉണ്ട്. ഈ അജണ്ട മുൻനിർത്തിയാണ് അവയുടെ പ്രവർത്തനങ്ങൾ. ഇപ്പോൾ ചാനലുകൾ തമ്മിൽ നടക്കുന്നത് റേറ്റിംഗ് മത്സരമാണ്. ടീ ആര്‍ പ്പിക്കുവേണ്ടി എന്തും വിളിച്ചു പറയാം എന്ന സ്ഥിതിയാണ് ഇപ്പോൾ വാർത്ത അവതാരകർക്ക് ഉള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന ചാനൽ അവതാരകരെ ഉറപ്പായും പിൻവലിക്കേണ്ടത് അത്യാവശ്യമാണ്. അതിൻറെ ഭാഗമായി എന്തെങ്കിലും നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ടോ എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റിയോട് കെഎം ജോസഫ്,  പീ വീ നാഗരത്ന എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരെ ചാനലുകള്‍ പിൻവലിക്കണം; പണം മുടക്കുന്നവര്‍ക്ക് വേണ്ടിയാണ് ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്; സുപ്രീംകോടതി 1

നമ്മുടെ സമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഈ സ്വാതന്ത്ര്യം എന്ന് പറയുന്നത് പ്രേക്ഷകരുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രേക്ഷകർക്ക് ചാനലിന്റെ അജണ്ട തിരിച്ചറിയുന്നതിനോ അത് തുറന്നു കാട്ടുന്നതിനോ കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചു.

ചാനലുകൾ അവരുടെ പ്രവർത്തനം നടത്തുന്നത് ലഭിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ്. പണം നിക്ഷേപിക്കുന്നവർക്ക് വേണ്ടിയാണ് അവർ വാർത്തകൾ സൃഷ്ടിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില ചാനലുകൾ രാജ്യത്തെ പൗരന്മാരുടെ ഇടയിൽ വലിയ അകൽച്ച സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വാർത്താ ചാനലുകൾക്ക് പത്രങ്ങളെക്കാൾ വലിയ സ്വാധീനം ജനങ്ങളുടെ ഇടയിൽ സൃഷ്ടിക്കുവാൻ കഴിയും. ഒരു കാരണവശാലും അത് ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല. തങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നവരായി ചാനലിന്റെ അവതാരകർ മാറാൻ പാടുള്ളതല്ല.

കൊറോണ ജിഹാദ്,  യുപിഎസ്സി ജിഹാദ് തുടങ്ങിയ വിദ്വേഷ പരാമർശങ്ങൾ നടത്തിയ സുദർശൻ ടിവി യിലേ പരിപാടികൾക്കെതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചാനലുകളുടെ ദുരുദ്ദേശകരമായ നിലപാടുകൾക്കെതിരെ തുറന്നടിച്ചത്. ഈ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചാനലുകളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍  തടയുന്നതിനുള്ള നിയമനിർമാണത്തിനുള്ള കരട് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്നും സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.

Exit mobile version