കേരളം കണക്കുകളിൽ മാത്രമാണ് മുന്നിലെന്നും യഥാർത്ഥത്തിൽ ബഹുദൂരം പിന്നിലേക്ക് കുതിക്കുകയാണെന്നും പ്രമുഖ സംവിധായകൻ സനൽകുമാർ ശശിധരൻ. സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ സാമൂഹിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഒന്നടങ്കം കൊന്നു കളയാം അല്ലെങ്കിൽ വ്യക്തിഹത്യ ചെയ്തു കുറച്ചു നാൾ ഇരുട്ടിൽ നിർത്താം, അതുമല്ലെങ്കിൽ അവരെല്ലാവരും സംഘപരിവാർ ഏജന്റുകൾ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാം. എന്നാൽ അതുകൊണ്ടൊന്നും സത്യം സത്യമല്ലാതെ ആവില്ല.
ഒരു സാങ്കൽപ്പിക ശത്രുവിനെ സൃഷ്ടിച്ചു യഥാർത്ഥ കാരണങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന തന്ത്രം കുറച്ചു നാളുകളായി എല്ലാ രാഷ്ട്രീയ സംവിധാനങ്ങളും പയറ്റുകയാണ്. എന്നാൽ കേരളത്തിൻറെ ഇന്നത്തെ യാഥാർത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ഇത് മതിയാകില്ല. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്രമസമാധാന സംവിധാനം ആകെ ദുഷിച്ചു പോയി എന്നതാണ്. പോലീസ് സേനയുടെ അകത്തു തന്നെ ക്രിമിനലുകൾ ഉണ്ട് എന്ന് സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഒരു ഉദ്യോഗസ്ഥനെ പിരിച്ചു വിടേണ്ടി വന്നു. നരബലി, പെൺകൊലകൾ , മയക്കുമരുന്ന് മാഫിയുടെ വാർത്തകൾ തുടങ്ങിയവയെക്കുറിച്ച് ഭയം കൂടാതെ പ്രതികരിക്കാൻ കഴിയുന്നില്ല. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സ്ഥാനമാനങ്ങൾ കൊണ്ടോ ഭീഷണി കൊണ്ടോ നിശബ്ദരാവുകയാണ്. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കും. പോലീസിന്റെ കൃത്യവിലോപം ചൂണ്ടിക്കാട്ടി കോടതിയിൽ പോയാൽ സർക്കാർ അതിനെ സര്ക്കാര്‍ എതിർത്തു തോൽപ്പിക്കും. കേരളം ജീവിക്കാൻ പറ്റാത്ത ഇടമായി എന്നത് അനുഭവസ്ഥരുടെ നിലവിളിയാണ്. ഈ പോക്ക് പോവുകയാണെങ്കിൽ ഇനിയും കൂടുതൽ ആളുകൾ നിലവിളിക്കേണ്ടതായി വരും. അങ്ങനെ നിലവിളിക്കുന്നവരെ എല്ലാം കൊല്ലാനും നിഴൽക്കൂത്ത് നടത്തി ഇല്ലാതാക്കാനും കഴിയില്ല എന്നും സനൽകുമാർ ശശിധരൻ കുറിച്ചു.