കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുള്ള ഫ്ലാറ്റിൽ സദാചാര പോലീസിംഗ് വ്യാപകം; പോലീസിൽ പരാതി നൽകി താമസക്കാർ

കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുള്ള ഫ്ലാറ്റിൽ സദാചാര പോലീസിംഗ് നടന്നു വരുന്നതായി പോലീസിൽ പരാതി ലഭിച്ചു. ഒലീവ് കോര്‍ട്ട് യാര്‍ഡ് ഫാറ്റിന്റെ അസോസിയേഷന് എതിരെയാണ് 64 കുടുംബങ്ങൾ ചേർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറിന് മുന്നിൽ പരാതി സമർപ്പിച്ചത്. വിചിത്രമായ പല നിയമങ്ങളാണ് ഫ്ലാറ്റിന്റെ അസോസിയേഷൻ ഇപ്പോള്‍ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.

കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുള്ള ഫ്ലാറ്റിൽ സദാചാര പോലീസിംഗ് വ്യാപകം; പോലീസിൽ പരാതി നൽകി താമസക്കാർ 1

രാത്രി 10 മണിക്ക് ശേഷം ഫ്ലാറ്റില്‍ അതിഥികൾ പാടില്ല , രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കരുത് , സ്ത്രീകളായ  അതിഥികള്‍ പാടില്ല,  എന്ന്  തുടങ്ങി പല വിചിത്ര നിയമങ്ങളാണ് ഫ്ലാറ്റിന്‍റെ അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്നത്. ഇത് മാത്രമല്ല,  ദിവസവും തിരിച്ചറിയൽ രേഖ പരിശോധന നടന്നു വരുന്നതായി താമസക്കാർ പറയുന്നു. ഫ്ലാറ്റില്‍ താമസിക്കുന്ന അവിവാഹിതരായ ആളുകൾ തങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിച്ചു വരുത്തുകയാണെങ്കിൽ അവരെ സദാചാര വിരുദ്ധരായി മുദ്ര കുത്തുന്നതായും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. അസോസിയേഷനെതിരെ പ്രധാനമായി പരാതിയുമായി  രംഗത്ത് വന്നിരിക്കുന്നത് നൈറ്റ് ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ചില ഐ ടി ഉദ്യോഗസ്ഥരാണ്.

ഈ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് ഇൻഫോ പാർക്കിൽ ആണ്. അസോസിയേഷന്റെ നിർദ്ദേശം അനുസരിച്ച് ഇവിടുത്തെ ചില സുരക്ഷാ ജീവനക്കാർ അതിഥികളായി എത്തുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതായി പരാതിക്കാർ ആരോപിച്ചു. അപ്പാർട്ട്മെന്റിലേക്ക് എത്തുന്ന പല സ്ത്രീകളെയും ഗേറ്റിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതായും പറയപ്പെടുന്നു. നിലവില്‍ അപ്പാർട്ട്മെന്റിൽ തന്നെ താമസിക്കുന്ന 30ല്‍  അധികം പേരാണ് ഈ റസിഡൻസ് അസോസിയേഷന്റെ ഭാരവാഹികൾ.

Exit mobile version