യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുറത്തു വരുന്നത് ഈ മരണത്തിന് പിന്നിൽ പല അദൃശ്യ ശക്തികളുടെയും കൈകൾ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.
നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിന്നും ഇവർ മരിക്കുമ്പോൾ ധരിച്ചിരുന്ന ചുരിദാറ്, അടിവസ്ത്രം , പുതപ്പ് , തലയണയുടെ കവര്‍ എന്നിവ നഷ്ടപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. മ്യൂസിയം പോലീസിന്റെ കയ്യിൽ സൂക്ഷിക്കുന്നതിന് വേണ്ടി കൈമാറിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവ ഫോറൻസിക് ലാബിൽ ഉണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് കത്ത് നൽകും എന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയച്ച രേഖകളും ഇപ്പോൾ സ്റ്റേഷനിൽ ഇല്ല.
അതേസമയം നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2019 ഫെബ്രുവരി 23നു ഇവര്‍ താമസ്സിച്ചിരുന്ന തിരുവനന്തപുരത്തെ ആൽത്തറ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് പറ്റിയ മുറിവാണ് നയനയുടെ മരണത്തിന് കാരണമായത് എന്ന വിവരം പുറത്തു വന്നതോടെയാണ് ഈ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചത്. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങളോ അവരുടെ ഫോൺ രേഖകളോ ഒന്നും പരിശോധിച്ചില്ല എന്ന് ഡിസി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.