മനുഷ്യ ജീവിതത്തിൽ ഏറ്റവും ദുഃഖകരമായ നിമിഷം ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ , മരണം. ശത്രു ആണെങ്കിൽ പോലും ഒരാളുടെ മരണം നമ്മളെ വേദനിപ്പിക്കും. അതുകൊണ്ടുതന്നെ മരണം എന്ന് കേൾക്കുമ്പോൾത്തന്നെ പലര്‍ക്കും ഭയമാണ്. മരണം കേവലം സ്വാഭാവിക പ്രക്രിയ മാത്രമാണ് എന്ന് കണ്ട് അതിനെ വരവേൽക്കുന്നവരും ഈ ലോകത്തുണ്ട്. എന്നാൽ സ്വന്തം മരണം ഒരാഘോഷമാക്കി കൊണ്ടാടാൻ നേരത്തെ തന്നെ തീരുമാനിച്ച എത്ര പേരുണ്ടാകും. ഇംഗ്ലണ്ട് കാരി സാൻഡി വുഡ് അവരിൽ ഒരാളാണ്. തൻറെ മരണ ശേഷം എല്ലാവരെയും ഞെട്ടിക്കുന്നതിന് വേണ്ടി ഒരു ഡാൻസ് സംഘത്തെ തന്നെ അവർ തയ്യാറാക്കി വച്ചിരുന്നു.
പള്ളിയിൽ സാൻഡിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ പെട്ടെന്ന് പല ഭാഗത്തും ഇരുന്ന ആളുകൾ ജാക്കറ്റ് ഒക്കെ ഇട്ട് വേദിയിലേക്ക് വന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. ശരിക്കും അവിടെ ഉണ്ടായിരുന്നവര്‍ എല്ലാവരും ഞെട്ടി. ഇത് പരേതന്‍റെ അന്ത്യാഭിലാഷമാണ് എന്ന് അവര്‍ അറിയുന്നതു പിന്നീടാണ്. അധികം വൈകാതെ തന്നെ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സാന്‍റിയുടെ നാവിൽ ക്യാൻസറായിരുന്നു. താമസിയാതെ മരണം തന്നെ തേടിയെത്തും എന്ന് ഉറപ്പായതോടെ തന്റെ മരണാനന്തര ചടങ്ങുകൾ ആഘോഷമാക്കാൻ തന്നെ സാൻഡി തീരുമാനിച്ചു. ചടങ്ങിൽ എത്തുന്നവരെ ഞെട്ടിക്കുന്നതിന് വേണ്ടി ഡാൻസ് ഒരുക്കുവാൻ അവർ ചില ട്രൂപ്പുകളെ സമീപിച്ചു. എന്നാൽ പല ഡാൻസ് ട്രൂപ്പുകളും സാൻഡിയുടെ ഈ ആഗ്രഹം ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. മരണാനന്തര ചടങ്ങിൽ നൃത്തം ചെയ്യാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ കണ്ട ഫ്ലെയിമിംഗ് ഫെദേഴ്സ് എന്ന സംഘമാണ് സാൻഡിയുടെ ആഗ്രഹം പൂർത്തീകരിക്കുവാൻ തയ്യാറായത്. തുടർന്ന് 10 ലക്ഷം രൂപ നൽകി സാന്‍ഡി അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തി. തന്റെ മരണശേഷം ആരും വിഷമിക്കരുതെന്നും എല്ലാവരും പുഞ്ചിരിയോടുകൂടി തന്നെ ഓർക്കണം എന്നുമുള്ള സാൻഡിയുടെ ആഗ്രഹം അങ്ങനെ നിറവേറി.