ഹിന്ദു നിയമമനുസരിച്ച് മിശ്ര വിവാഹം അസാധുവാണ്; സുപ്രീം കോടതിയുടെ നിർണായക വിധി

ഹിന്ദു വിവാഹ നിയമം അനുസരിച്ച് മിശ്ര വിവാഹം അസാധുവാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഹിന്ദു മതത്തിലുള്ളവരുടെ വിവാഹം മാത്രമേ ഹിന്ദു വിവാഹ നിയമം അനുസരിച്ച് നിലനിൽക്കുകയുള്ളൂ എന്നും കോടതി അറിയിച്ചു. തെലുങ്കാന ഹൈക്കോടതിയുടെ 2017ലെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയാണ് ജസ്റ്റിസ് ജോസഫ് , ബീ വി നാഗരത്ന എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

ഹിന്ദു നിയമമനുസരിച്ച് മിശ്ര വിവാഹം അസാധുവാണ്; സുപ്രീം കോടതിയുടെ നിർണായക വിധി 1

ഭാര്യ ജീവനോടെ ഉള്ളപ്പോൾ തന്നെ മറ്റൊരാളെ വിവാഹം കഴിച്ചു എന്ന പരാതിയിൽ ,  ഹർജിക്കാരനെതിരെ 2013ൽ ഐ പി സി 494 ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി വാദി തെലുങ്കാന ഹൈക്കോടതിയെ  സമീപിച്ചു എങ്കിലും കോടതി അതിനു തയ്യാറായില്ല. ഇതോടെയാണ് ഇദ്ദേഹം ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത് .

ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഇയാൾ തന്നെ 2008ല്‍  വിവാഹം ചെയ്തു എന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ താൻ വിവാഹം ചെയ്തു എന്നു സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവില്ല എന്ന് ഹർജിക്കാരൻ വാദിച്ചു . മാത്രമല്ല താൻ ക്രിസ്ത്യാനി ആണെന്നും പരാതിക്കാരി ഹിന്ദുവാണെന്നും ഇയാൾ അറിയിച്ചു . അതുകൊണ്ട് തന്നെ ഒരു വിവാഹം നിലനിൽക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ചു എന്ന കുറ്റം നിലനിൽക്കുന്നതല്ല എന്നതായിരുന്നു ഇയാളുടെ വാദം. ഇതോടെയാണ് ഹിന്ദു വിവാഹ നിയമമനുസരിച്ച് മിശ്ര വിവാഹം നടത്താൻ കഴിയില്ല എന്നും ഹിന്ദുക്കൾക്ക് മാത്രമേ അതിന് കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടിയത്.

Exit mobile version