ഗർഭിണിയാകുന്നതിനു മുൻപ് മദ്യപാനം നിർത്തിയിട്ടും കാര്യമില്ല; ഗർഭിണികളിലെ മദ്യപാനം കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നത് ഇങ്ങനെയാണ്

ഇന്ന് മദ്യപാനം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗം പല തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്ന തിരിച്ചറിവുണ്ടെങ്കിൽ പോലും ആളുകൾ മദ്യത്തിന്‍റെ പിടിയിലേക്ക് വീഴുകയാണ്. എന്നാൽ മദ്യപാനം ഗർഭിണിയായ ഒരു സ്ത്രീയെ എങ്ങനെ ബാധിക്കും എന്നത് അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ്.

ഗർഭിണിയാകുന്നതിനു മുൻപ് മദ്യപാനം നിർത്തിയിട്ടും കാര്യമില്ല; ഗർഭിണികളിലെ മദ്യപാനം കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നത് ഇങ്ങനെയാണ് 1

ഗർഭിണിയാകുന്നതിനു മുൻപുള്ള മദ്യപാന ശീലം ഒരു കുട്ടിയെ ബാധിക്കുമോ എന്നത് മിക്ക സ്ത്രീകളും ഉന്നയിക്കുന്ന ഒരു ചോദ്യമാണ്. നേരത്തെ മദ്യപിക്കുകയും എന്നാൽ ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം മദ്യപാനം നിർത്തുകയും ചെയ്താലും അത് കുട്ടിയെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

ഗർഭവതിയായ ഒരു സ്ത്രീ കഴിക്കുന്ന ആഹാരസാധനങ്ങളിലെ പോഷക ഗുണങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിൽ എത്തുന്നത് പോലെ തന്നെയാണ് അമ്മ ഉപയോഗിക്കുന്ന  ലഹരി വസ്തുക്കളുടെ കാര്യവും. ഗർഭകാലത്തുള്ള സ്ത്രീകളിലെ മദ്യപാനം പല തരത്തിലുമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ഗർഭം അലസാനുള്ള സാധ്യതയുണ്ട് എന്നതാണ്. ഒരു ഗർഭിണി മദ്യപിക്കുന്നത് ഫീറ്റല്‍ ആൽക്കഹോൾ സ്പെക്ട്രം ഡിസോഡർ എന്ന നിലയിലേക്ക് അവരെ നയിക്കും. കുഞ്ഞിൻറെ തലച്ചോറിന്റെ വികാസത്തെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകും. മാസം തികയാതെ പ്രസവം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കുട്ടിയിൽ പ്രകടമായ വളർച്ചക്കുറവും ഉണ്ടായേക്കാം. മാത്രമല്ല ഇത്തരം കുട്ടികളിൽ പഠന വൈകല്യത്തോടൊപ്പം പെരുമാറ്റത്തിലുള്ള പ്രശ്നങ്ങളും സംസാരിക്കുന്നതിനും സ്വാഭാവികമായി ഭാഷ ഉപയോഗിക്കുന്നതിനു ബുദ്ധിമുട്ടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഗർഭം ധരിക്കുവാൻ തയ്യാറെടുക്കുകയാണെങ്കിൽ മദ്യപാനം പൂർണമായിത്തന്നെ ഒഴിവാക്കുക എന്നതാണ് ഏക പ്രതിവിധി.

Exit mobile version