ചരിത്രാതീത കാലം മുതല്‍ തന്നെ നായ്ക്കൾ മനുഷ്യനോട് ഏറ്റവും അധികം ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണ്. യജമാന സ്നേഹത്തിന് പേര് കേട്ടവയാണ് നായ്ക്കൾ. ഉടമയെ സംരക്ഷിക്കുന്നതിന് വേണ്ടി അവർ സ്വജീവൻ വരെ പണയപ്പെടുത്തും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തൃശൂരില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. തൃശ്ശൂർ അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ രണ്ട് അരുമ നായ്ക്കൾ ആണ് ജൂഡോയും റോജിനും. കഴിഞ്ഞ ദിവസം രാവിലെ വീടിന് വെളിയില്‍ ഇറങ്ങിയപ്പോഴാണ് രണ്ട് സ്ഥലങ്ങളിലായി നായ്ക്കൾ ചത്തു കിടക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയില്‍ പെടുന്നത്. നായ്ക്കളുടെ തൊട്ടടുത്തായി ഒരു മൂർഖൻ രണ്ട് കഷണം ആയി കിടക്കുന്നതും കാണാനിടയായി. മൂർഖൻ പാമ്പിനെ വീടിൻറെ പരിസരത്തു നിന്നും തുരത്തുന്നതിനിടെയാണ് നായ്ക്കള്‍ക് ജീവന്‍ നഷ്ടപ്പെട്ടത്.
പതിനാറാം തീയതി പുലർച്ചെയോടെ വീടിൻറെ പരിസരത്തേക്ക് കടന്ന് മൂർഖനെ ജോഡോയും റോജോയും ചേർന്ന് നേരിട്ടു. ഇതിനിടെ ഒന്നിലേറെ തവണ നായ്ക്കൾക്ക് മൂർഖന്റെ കടി ഏല്‍ക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ റോജോയും ജൂഡോയും ചേർന്ന് പാമ്പിനെ കൊന്നെങ്കിലും വിഷമേറ്റ് നായ്ക്കൾ രണ്ടും ജീവൻ വെടിഞ്ഞു.
സണ്ണിക്ക് ഈ നാടൻ നായ്ക്കളെ ലഭിക്കുന്നത് മൂന്നു വർഷം മുൻപ് ഒരു സുഹൃത്തിൻറെ കയ്യിൽ നിന്നുമാണ്. ഇരുവരും വളരെ വേഗം തന്നെ ആ കുടുംബത്തിലെ പ്രിയപ്പെട്ടവരായി മാറുകയും ചെയ്തു. വീട്ടിലുള്ളവരുമായി വളരെ അടുപ്പം പുലർത്തിയിരുന്ന നായകളുടെ വിയോഗം ഏവരെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നിരവധി ഓണ്ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്യുകയും ചെയ്തു.