ഇസ്രായേലിൽ നിന്നും ഒരു ചീപ്പ് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ നിവലിയ ചര്‍ച്ചയായി മാറി. ഒരു ചീപ്പ് കണ്ടെത്തിയതിൽ എന്താണ് ഇത്ര വാർത്ത എന്ന് ചിന്തിക്കാൻ വരട്ടെ . 3700 വർഷം പഴക്കമുള്ളതാണ് ഈ ചീപ്പ്. ഇത് ഉണ്ടാക്കിയിരിക്കുന്നതാകട്ടെ ആനക്കൊമ്പിൽ ആണ് എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. 1700 ബിസിയിലാണ് ഇത് നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ഇസ്രയേലിലെ ടെൽ ലാകിഷിൽ നടത്തിയ ഒരു ഖനനത്തിലാണ് ചീപ്പ് ലഭിച്ചത്. ഈ ചീപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ‘ഇത് നിങ്ങളുടെ തലമുടിയിലെയും താടിയിലെയും പേനുകളെ ഇല്ലാതാക്കട്ടെ’ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. ഇസ്രയേലിലുള്ള ആദിവാസി സമൂഹമായ കാനാന്യരുടെ ഭാഷയിലാണ് ഇത് ആലേഖനം ചെയ്തിരിക്കുന്നത്. 17 കാനാന്യ അക്ഷരങ്ങൾ ഈ ചീപ്പിൽ ഉണ്ട്. കാനാന്യ ഒരു പ്രാചീന ഭാഷയാണ്. മൂന്ന് സെൻറീമീറ്റർ നീളമാണ് ആനക്കൊമ്പിൽ തീർത്ത ഈ ചീപ്പിന് ഉള്ളത്. ഇതിന് രണ്ടു വശത്തും പല്ലുകൾ ഉണ്ട്.
3700 വർഷങ്ങൾക്കു മുൻപ് നിത്യോപയോഗ ആവശ്യങ്ങൾക്ക് അക്ഷരമാല ഉപയോഗിച്ചിരുന്നു എന്നതിന് ഇത് ഒരു പ്രധാന തെളിവാണ്. അന്നുമുതൽ തന്നെ മനുഷ്യൻ എഴുതാൻ പഠിച്ചിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാമെന്ന് ഗവേഷകർ പറയുന്നു.
അക്കാലങ്ങളിൽ ചീപ്പ് നിർമ്മിച്ചിരുന്നത് മരം എല്ല് , ആനക്കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ്. പ്രാചീന കാലങ്ങളിൽ ചീപ്പ് എന്നത് ഒരു ആഡംബര വസ്തുവായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ആനക്കൊമ്പ് ഉപയോഗിച്ചാണ് ചീപ്പ് നിർമിച്ചത്. ഈ ചീപ്പ് കണ്ടെത്തിയ പ്രദേശത്ത് ആനകൾ ജീവിച്ചിരുന്നില്ല എന്നതുകൊണ്ട് തന്നെ ഇത് വ്യക്തമാണ്.