യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു. നയന സൂര്യയുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച നഖം ഉൾപ്പെടെയുള്ള സാമ്പിളുകൾ മെഡിക്കൽ കോളേജിലെ പത്തോളജി ലാബിന് കൈമാറിയിട്ടുണ്ട് എന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് പറഞ്ഞത്. എന്നാൽ മൃതദേഹത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകൾ ഒരിക്കലും പത്തോളജി ലാബിലേക്ക് അയക്കാറില്ല എന്നും ഇത് ബോധപൂർവ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് വേണ്ടി സൃഷ്ട്ടിച്ചതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു അസ്വാഭാവികമായ മരണം നടന്നതിനു ശേഷം പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പൂർണമായും പാലിച്ചില്ല എന്ന വിമർശനം വ്യാപകമാണ്. ഡോക്ടർ മൃതദേഹത്തിൽ നിന്നും ശേഖരിച്ച് പോലീസിന് നൽകുന്ന സാമ്പിൾ ഫോറൻസിക് സയൻസ് ലാബിലാണ് അയക്കേണ്ടത് എന്നാണ് ചട്ടം. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഫോറൻസിക് ലാബിൽ നായനാ സൂര്യയുടെ കേസുമായി ബന്ധപ്പെട്ട ഒരു സാമ്പിളും എത്തിയിട്ടില്ല എന്നത് അസ്വാഭാവികമാണ്. ഈ കേസിൽ ഏറെ നിർണായകമാകേണ്ടതാണ് നായന സൂര്യയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച നഖത്തിന്റെ സാമ്പിൾ. എന്നാൽ ഇത് ഫോറൻസിക് ലാബിൽ എത്താതെ അപ്രത്യക്ഷമായതായി ഈ കേസ് പുന പരിശോധിച്ച സംഘം കണ്ടെത്തുകയുണ്ടായി. മാത്രമല്ല മറ്റ് പല സാമ്പിളുകളും ഫോറൻസിലേക്ക് അയച്ചിട്ടില്ല. ഇത് വളരെ ഗുരുതരമായ വീഴ്ചയാണ്.
അതേസമയം പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടർ സാമ്പിളുകൾ ശേഖരിച്ച് സീൽ ചെയ്ത കവറിലാണ് നൽകിയതെന്നും പറയപ്പെടുന്നു. ഇത് പാത്തോളജി ലാബിൽ അപ്പോൾ തന്നെ എത്തിച്ചു എന്നുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ പറയുന്നത്.
മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ പല സംഭവ വികാസങ്ങളും പുറത്തു വന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും മരണത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് പുറത്തു കൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.