വീട്ടുകാരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പ് മൂലം സംരക്ഷണം നൽകണമെന്ന ആവശ്യവുമായി എത്തിയ പോലീസ് സ്റ്റേഷനിൽ തന്നെ ആ യുവാവ് പോലീസുകാരനായി മടങ്ങിയെത്തി. ഭാര്യ ആ സ്റ്റേഷന് സമീപത്തുള്ള എൽ പി സ്കൂളിൽ അധ്യാപികയും. വാഗത്താനം സ്വദേശിയായ അഭിലാഷും ഭാര്യ മായമോളുമാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ഇവര്‍ തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുവാൻ തിരഞ്ഞെടുത്തത് വിവാഹ ജീവിതം ആരംഭിച്ചപ്പോൾ സംരക്ഷണം നൽകിയ അതേ പോലീസ് സ്റ്റേഷൻ തന്നെയാണ്. അഭിലാഷ് ഇന്ന് വാഗത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ്. ഭാര്യ മായാ മോൾ വെള്ളത്തുരുത്തി എൽ പി സ്കൂളിൽ അധ്യാപികയും.
2014 ജനുവരി 16നാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു, അതുകൊണ്ടുതന്നെ വീട്ടുകാരുടെ ഭാഗത്തു നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. ഇതോടെ രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. തുടർന്ന് ബന്ധുക്കളുടെ എതിർപ്പിനെ തുടര്ന്ന് സംരക്ഷണം തേടി അവർ എത്തിയത് വാഗത്താനം പോലീസ് സ്റ്റേഷനിലാണ്. വാഗത്താനം സി ഐ ആയിരുന്ന അനീഷ് രണ്ടു പേരുടെയും വീട്ടുകാരെ വിളിച്ചു വരുത്തി പ്രശ്നം രമ്യമായി പരിഹരിച്ചു. മാത്രമല്ല നന്നായി ജീവിച്ചു കാണിക്കണമെന്നു അവരെ ഉപദേശിക്കുകയും ചെയ്തു . ആ ഉപദ്ദേശം അനീഷും മായയും ഹൃദയത്തിൽ സ്വീകരിച്ചു.
ഇവരുടെ വിവാഹം നടക്കുമ്പോൾ അഭിലാഷ് കോട്ടയത്ത് പ്രൈവറ്റ് ബസ്സിൽ ഡ്രൈവറായിരുന്നു അഭിലാഷ് . മായ മോൾ ടിടിസി വിദ്യാർത്ഥിനിയും. പ്രൈവറ്റ് ബസിലെ പതിവായുള്ള യാത്രയാണ് ഇതുവരെയും ഒരുമിപ്പിച്ചത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയം രജിസ്റ്റർ ഓഫീസിൽ വച്ച് അവര്‍ വിവാഹം കഴിക്കുന്നത്. പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പല ജോലികളും അഭിലാഷ് ചെയ്തു. കെഎസ്ആർടിസിയിൽ താല്‍ക്കാലിക ഡ്രൈവറായി. വാഗത്താനം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു. അഞ്ചു വർഷം മുൻപാണ് അഭിലാഷിന് പോലീസ് സർവീസിൽ ജോലി കിട്ടുന്നത്. അപ്പോഴേക്കും മായ ബി എഡ് പൂർത്തിയാക്കിയിരുന്നു.