ദിവസ്വം ബോർഡിന് ഇത്തവണ ശബരിമലയിൽ നിന്ന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാനമെന്ന് കണക്കുകള്‍ പറയുന്നു. ഭണ്ഡാരം കെട്ടിടത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയതോടെ എണ്ണി തീർക്കാൻ ആകാതെ പാടുപെടുകയാണ് അധികൃതർ. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗങ്ങളിലായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയിലാണ്. മണ്ഡലകാലം മുതലുള്ള നാണയങ്ങൾ ഇതിലുണ്ട്.
കഴിഞ്ഞ 12 വരെയുള്ള കണക്കുകൾ അനുസരിച്ച് 310 . 40 കോടി രൂപയാണ് ശബരിമലയില്‍ ലഭിച്ച വരുമാനം. ഇത് ഇനിയും പതിന്മടങ്ങ് വർദ്ധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയ 13 , 14 , 15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള ശബരിമലയിലെ വരുമാനം 315.46 കോടി രൂപയാണ്.
നോട്ട് എണ്ണുന്നതിന് വേണ്ടി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു. എന്നിട്ടും നോട്ട് എണ്ണി തീർക്കാൻ കഴിയുന്നില്ല. ഇതോടെയാണ് അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി കാണിക്ക എണ്ണാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഭക്തജന തിരക്ക് കുറഞ്ഞതോടെ 60 ഓളം ജീവനക്കാരെ പ്രത്യേകം എത്തിച്ചാണ് ഇപ്പോള്‍ നോട്ട് എണ്ണല്‍ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കൂമ്പാരം പോലെ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ എണ്ണിയെടുക്കണോ അതോ തൂക്കി എടുക്കണോ എന്നറിയാതെ കുഴങ്ങുകയാണ് ദേവസ്വം ബോർഡ്. എന്നാൽ തൂക്കിയെടുക്കുന്നത് ദേവസ്വം ബോർഡിൽ നഷ്ടമുണ്ടാക്കുമെന്ന് വിജിലൻസ് റിപ്പോര്ട്ട് ഉള്ളതുകൊണ്ട് നാണയം തൂക്കിയെടുക്കുന്നതിനു വേണ്ടി അനുമതി ലഭിക്കുന്നതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.