ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് വന്യ മൃഗങ്ങളെ വേട്ടയാടുന്നതിന് ലൈസൻസ് നൽകണമെന്ന ആവശ്യവുമായി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ രംഗത്ത്. അമേരിക്കയിലും സ്കാന്‍റിനേവ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമൊക്കെ വന്യമൃഗങ്ങളെ വേട്ടയാടാൻ കഴിയും . ഇന്ത്യയില്‍ മാത്രമാണ് ഈ നിയമം ഉള്ളത്.
വന്യ മൃഗങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി നിയമം നിർമ്മിച്ച ഏക രാജ്യമാണ് ഇന്ത്യ. ഇത് യുക്തി രഹിതവും അബദ്ധ ജഡിലവും ആണ്. ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസൻസ് നൽകി എന്ന് കരുതി വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയില്ല. വന്യ മൃഗങ്ങളുടെ ശല്യം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് അവയുടെ മാംസം നൽകണം. ഇതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുമായി ചർച്ച നടത്തി തീരുമാനം ഏടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മനുഷ്യൻ ഭീഷണിയായി മാറുമ്പോൾ അത് നേരിടുന്നതിന് ഐ പി സി അനുസരിച്ച് നടപടികൾ എടുക്കാറുണ്ട്. അങ്ങനെയിരിക്കെ വന്യ മൃഗങ്ങൾ ഭീഷണിയാകുമ്പോൾ അതിനെ കൊന്നൊടുക്കിയാൽ എന്താണ് കുഴപ്പം എന്ന് അദ്ദേഹം ചോദിക്കുന്നു.
നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം തന്നെ റദ്ദ് ചെയ്യണം. പകരം പുതിയത് ഇമ്പ്ലിമെൻറ് ചെയ്യുകയാണ് വേണ്ടത്. മനുഷ്യനെ ആക്രമിക്കുന്ന വന്യ മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകർ മനുഷ്യ വിരുദ്ധരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വന്യ മൃഗങ്ങളുടെ ആക്രമണം കൂടി വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇത്തരം ഒരു അഭിപ്രായം മുന്നോട്ട് വച്ചത്.