ലൗകിക ജീവിതത്തിന്റെ എല്ലാ സുഖ ഭോഗങ്ങളും വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 9 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അങ്ങനെ ഒരു ചിന്ത മനസ്സിലേക്ക് വരുന്നതിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാല്‍ ദേവാൻഷി എന്ന പെൺകുട്ടി ഒമ്പതാം വയസ്സിൽ എടുത്ത തീരുമാനം അതായിരുന്നു.
ഗുജറാത്തിലെ അതിസമ്പന്നന്മാരിൽ ഒരാളായ വജ്ര വ്യാപാരി ധനേഷ് സാംഘിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാൻഷി. പരമ്പരാഗതമായി കൈവന്ന കോടികളുടെ സ്വത്തും സുഖ സൌകര്യങ്ങളും പരിത്യജിച്ചാണ് ഈ പെൺകുട്ടി സന്യാസ ജീവിതത്തിന്റെ വേറിട്ട മാർഗം തെരഞ്ഞെടുത്തത്.
സന്യാസ ജീവിതത്തിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് അവൾ നിരവധി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ബുദ്ധ സന്യാസിമാരുടെ ഒപ്പം 600 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്തു. സന്യാസ ജീവിതത്തിലേക്ക് കടക്കുന്നതിനും വളരെ മുൻപ് തന്നെ ടിവിയും സിനിമയും അവൾ പാടെ ഒഴിവാക്കിയിരുന്നു. കൂടാതെ ഹോട്ടൽ ഭക്ഷണവും അവസാനിപ്പിച്ചു. ദൈവ ചൈതന്യം തുളുമ്പുന്ന ഈ എട്ടുവയസ്സുകാരിയെ കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
സന്യാസത്തിന് ദീക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞയാഴ്ച സൂറത്തിൽ നടക്കുകയുണ്ടായി. വലിയ ഘോഷയാത്രയോടെയാണ് ഈ ചടങ്ങുകൾ തുടങ്ങിയത്. ആനകൾ, കുതിര വലിക്കുന്ന തേരുകൾ , ഒട്ടകങ്ങൾ തുടങ്ങിയവയും അണി നിരന്ന ഘോഷയാത്രയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്. ഇന്ത്യയ്ക്ക് പുറത്ത് ബെൽജിയത്തിലും ദേവാന്‍ഷിയുടെ കുടുംബത്തിന് ബിസിനസ് ഉണ്ട്. സന്യാസ ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പായുള്ള ചടങ്ങുകളും ഘോഷയാത്രയും അവിടെയും ഉണ്ടായിരുന്നു.