വീടു വിട്ടിറങ്ങിയ 18കാരിയെ സുരക്ഷിതമായി തിരികെ വീട്ടിലെത്തിച്ച് യുവാക്കൾ മാതൃകയായി. മലങ്കര സ്വദേശിയായ വിഷ്ണു എന്ന 22 കാരനും പത്തിരിപ്പാല സ്വദേശിയായ സുമിൻ കൃഷ്ണൻ എന്ന 20 കാരനുമാണ് 18കാരിയുടെ രക്ഷയ്ക്കെത്തിയത്.
ഇവർ പാലക്കാട് നിന്നും കൊച്ചിയിലെ ലുലു മാൾ കാണാൻ പുറപ്പെട്ടതായിരുന്നു. ട്രയിന്‍ ഷോർണൂർ എത്തിയപ്പോഴാണ് 18കാരി ട്രെയിന്റെ വാതിലിനരികില്‍ കരഞ്ഞു കൊണ്ട് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടി ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവർക്ക് എന്തോ ഒരു അസ്വാഭാവിക തോന്നി. തുടർന്ന് വിശദമായി തിരക്കിയപ്പോഴാണ് പ്രണയം തകർന്ന വിഷമത്തിൽ നാടുവിട്ട് പോവുകയായിരുന്നുവെന്ന് പറഞ്ഞു പെൺകുട്ടി പൊട്ടിക്കരഞ്ഞത്.
പെൺകുട്ടിയുടെ ടിക്കറ്റ് എറണാകുളത്തേക്ക് ആയിരുന്നു. പിന്നീട് ഈ യുവാക്കൾ കുട്ടിയെ പറഞ്ഞു സമാധാനിപ്പിച്ച് ഭക്ഷണം വാങ്ങി നൽകി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇരുവരും കുട്ടിയുടെ ഫോൺ വാങ്ങി. ഫോൺ ഫ്ലൈറ്റ് മോഡിൽ ആയിരുന്നു. വീട്ടുകാരുടെ നമ്പര്‍ വാങ്ങിയ അവർ പെൺകുട്ടിയുടെ അമ്മയെ വിളിച്ചു. അപ്പോള്‍ മകളെ കാണാനില്ല എന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. യുവാക്കൾ ഈ സംഭവം പോലീസിനോട് വിവരിച്ചു. പോലീസ് നിർദ്ദേശിച്ചതനുസരിച്ച് അവർ കുട്ടിയെയും കൂട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി. രാത്രി 8:30 യോടെ മാതാപിതാക്കൾ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് അവരുടെ ഒപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാൾ കാണാൻ പറ്റിയില്ലെങ്കിലും ഒരു നല്ല കാര്യം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് വിഷ്ണുവും സുമനും പോലീസിനോട് പറഞ്ഞു. ഈ യുവാക്കൾ പാലക്കാടുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ്. തങ്ങൾക്ക് ലീവ് കിട്ടത്തതുകൊണ്ട് രാത്രി തന്നെ തിരിച്ചു പോവുകയാണെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും ഹോട്ടലുടമയെ നേരിട്ട് വിളിച്ച് എസ് ഐ അജിത് കുട്ടപ്പൻ ഇവർക്ക് ഒരു ദിവസം കൂടി ലീവ് നീട്ടി നൽകണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടർന്ന് കളമശ്ശേരിയിൽ ഒരു രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണവും പണവും നൽകി. യുവാക്കളുടെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.