ജയറാമും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നഗരത്തിൽ ചെന്ന് രാപ്പാര്‍ക്കാം എന്ന സിനിമയിൽ ഒരു രംഗമുണ്ട്. കയ്യിൽ പണമില്ലാതെ ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചിട്ട് ഒടുവിൽ കയ്യില്‍ കരുതിയിരുന്ന ഒരു പാറ്റയെ ഭക്ഷണത്തില്‍ ഇട്ട് പണം കൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പിന്നീട് പിടിക്കപ്പെടുമ്പോൾ ജയറാമിന്‍റെ കഥാപാത്രത്തിന് ആ ഹോട്ടലിലെ ജോലി ചെയ്യേണ്ടി വരുന്നതുമാണ് രംഗം. ഇത് സിനിമയിലെ കഥയാണെങ്കിൽ ജീവിതത്തിൽ ഇതൊന്നു പയറ്റി നോക്കാൻ ശ്രമിച്ച കുടുങ്ങിപ്പോയ രണ്ടുപേരെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. രാവിലെ പതിനൊന്നരയോടെ ഹോട്ടലിൽ എത്തിയ രണ്ട് യുവാക്കൾ ആദ്യം ഹോര്‍ലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്യുന്നു. ഭക്ഷണം കഴിച്ച് തീരാറായപ്പോഴാണ് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി ഇവർ ബഹളം വച്ചത്. എന്നാൽ പാറ്റയ്ക്ക് ചൂട് ബിരിയാണിയിൽ കിടന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ സിസിടിവി പരിശോധിക്കാം എന്ന് പറഞ്ഞതോടെ രണ്ടുപേരിൽ ഒരാൾ വളരെ ബുദ്ധിപരമായി കടയിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ രണ്ടാമനും അവിടെനിന്ന് ഇറങ്ങാൻ ശ്രമിച്ചു. എന്നാൽ ഇവരെ വിടാൻ ഹോട്ടലിലെ ജീവനക്കാർ തയ്യാറായില്ല. അവരും പുറകെ ഇറങ്ങി. അപ്പോഴാണ് ഇവർ വന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ല എന്ന് മനസ്സിലാകുന്നത്. തുടർന്ന് ഒരാൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതോടെ കൂട്ടാളിയെ ജീവനക്കാർ തടഞ്ഞുവച്ചു. പിന്നീട് ഇയാളും ജീവനക്കാരെ കബളിപ്പിച്ച് കടന്നു കളഞ്ഞു. തുടർന്ന് ഹോട്ടൽ ജീവനക്കാർ സംഭവം പോലീസിനെ അറിയിച്ചു. പാഞ്ഞെത്തിയ മംഗലപുരം പോലീസ് ഈ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. നമ്പർ പ്ലേറ്റ് ഇല്ലാതിരുന്ന ഈ വാഹനം ഇവർ മോഷ്ടിച്ചതാകാമെന്ന് പോലീസ് അനുമാനിക്കുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതികളെ മനസ്സിലായിട്ടുണ്ട്. അധികം വൈകാതെ തന്നെ പിടികൂടാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.