എറണാകുളം ലോ കോളേജില്‍ സിനിമയുടെ പ്രമോഷനു വേണ്ടി എത്തിയ നടി അപർണ ബാലമുരളിയോട് അവിടുത്തെ വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് നിരവധി പേരാണ് വിദ്യാർഥിയുടെ ഈ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തു വന്നത്. ഒടുവിൽ ഈ വിദ്യാർത്ഥിയോട് കാരണം കാണിക്കൽ നോട്ടീസ് ചോദിക്കുകയും കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത് വലിയ ചർച്ചാ വിഷയമായി തുടരുന്നതിനിടെ തനിക്കുണ്ടായ ഇത്തരം ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകമായ സജിത മഠത്തിൽ. തനിക്കും സമാനമായ ഒരു അനുഭവം കേരളത്തിലെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയിൽ നിന്നും ഉണ്ടായെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അടുത്തിടെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വച്ച് കുറച്ചു സമയം സംസാരിക്കാനിടയായി. ഇതിനിടെ ഒരു ഫോട്ടോ എടുത്താലോ എന്ന് അയാൾ ചോദിച്ചു. എടുക്കാമെന്ന് മറുപടി പറഞ്ഞു മുഴിമിപ്പിക്കുന്നതിന് മുൻപ് തന്നെ അയാൾ തന്‍റെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു ഫോട്ടോയെടുത്തു കഴിഞ്ഞുവെന്ന് അവര്‍ പറയുന്നു. ഒന്ന് പ്രതികരിക്കാൻ പോലുമുള്ള സമയം തനിക്ക് ലഭിച്ചില്ല. തോളിൽ കൈ ഇടാനുള്ള ഒരു സൗഹൃദവും തങ്ങൾക്കിടയിൽ ഇല്ല. പിന്നീട് ആ ദിവസം മുഴുവൻ ആ ആസ്വസ്ഥത തന്നെ പിന്തുടർന്നുവെന്ന് അവർ പറയുന്നു. പിന്നീട് ഇതേക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു സങ്കടം തീർക്കുകയായിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക. അപർണയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ആണ് താന്‍ ഇതേക്കുറിച്ച് ഓർത്തത് എന്നും സജിത കുറിച്ചു.