ഡിഎൻഎ പരിശോധനയിലൂടെ സാന്ദ്ര റജീന തൻറെ മകൾ ആണെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ഒരിക്കലും അത് അംഗീകരിക്കാൻ ഫുട്ബോൾ രാജാവായ പെലെ തയ്യാറായിരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ പിതാവിന്റെ സംരക്ഷണമോ ലാളനമോ ലഭിക്കാതെ സാന്ദ്ര 17 വർഷം മുൻപ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. പെലയുടെ അവിഹിത സന്തതിയുടെ ജീവിതകഥ അതോടെ അവസാനിച്ചു എന്ന് എല്ലാവരും കരുതി. എന്നാല്‍ പെലയുടെ മരണ ശേഷം പുറത്തു വന്ന വിൽപത്രത്തിൽ സാന്ദ്രയുടെ പേരുള്ളത് ഏവരെയും അമ്പരപ്പിച്ചു.
തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഏഴു മക്കൾക്ക് വീതം വച്ചു കൊണ്ടാണ് പെലെ വിൽപത്രം തയ്യാറാക്കിയിട്ടുള്ളത്. അവരിൽ ഒരാൾ സാന്ദ്രയാണ്. സാന്ദ്ര ജീവിച്ചിരിപ്പില്ലാത്തതിനാൽ അവരുടെ രണ്ടു മക്കൾക്കും ഈ സ്വത്ത് ലഭിക്കും.
പെലയുടെ അവസാന കാലത്ത് സാന്ദ്രയുടെ മക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. തങ്ങളുടെ മാതാവിൻറെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇതെന്നും ഈ നിമിഷം യാഥാർഥ്യമായതിൽ ദൈവത്തിനോട് നന്ദിയുണ്ട് എന്നും സാന്ദ്രയുടെ മകൻ ഗബ്രിയേൽ പ്രതികരിച്ചിരുന്നു. കുടുംബത്തിൽ സംഭവിച്ചത് ഏതു കുടുംബത്തിലും ഉണ്ടാകാവുന്ന ചില തർക്കങ്ങൾ മാത്രമാണ്. ആ അകൽച്ച എന്നന്നേക്കുമായി മാറി എല്ലാവരും ഒരുമിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നും ഗബ്രിയേൽ പറഞ്ഞു.
പെലയുടെ പരിചാരികയായിരുന്ന അനുസിയോ മക്കോടയിലാണ് സാന്ദ്ര ജനിക്കുന്നത്. കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നിട്ട് കൂടി പെലെ സാന്ദ്രയെ മകളായി അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. മരണംവരെ സാന്ദ്രയ്ക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല.
മരണത്തിന് ഒരു ദിവസം മുൻപാണ് പെലെ സാന്ദ്രയുടെ മക്കളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചത്. അടുത്ത ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ വിൽപത്രത്തിൽ ഇവരുടെ പേര് ഉൾപ്പെടുത്തുമെന്ന ഒരു
സൂചനയും ഉണ്ടായിരുന്നില്ല. 130 കോടിയാണ് പെലയുടെ ആസ്തി.
ക്യാൻസർ രോഗബാധിതനായതിനെ തുടർന്ന് 82ആം വയസ്സിലാണ് പെലെ മരണപ്പെടുന്നത്. രോഗാവസ്ഥയിൽ പോലും അദ്ദേഹം തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം സജീവമാക്കിയിരുന്നു.