പരുന്തിന്റെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ ഒരു ഗ്രാമം; ഭീതി വിതച്ച് ഏഴ് പരുന്തുകൾ

പരുന്തിനെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയാണ് അടൂർ പെരിങ്ങനാട് ചാല ഗ്രാമത്തിലുള്ളവർ. തങ്ങൾക്ക് പരുന്തുകളുടെ ശല്യം മൂലം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ഗ്രാമവാസികൾ പറയുന്നു. പരുന്തുകളെ കൊണ്ട് ജീവിതം തന്നെ പൊറുതിമുട്ടിയ അവസ്ഥയിലാണെന്ന് ഗ്രാമവാസികൾ. 50ലധികം വീട്ടുകാരാണ് ഗ്രാമത്തിന്റെ ശല്യം മൂലം ഒരു വർഷമായി പ്രയാസം അനുഭവിക്കുന്നത്. ഏഴോളം പരുന്തുകളാണ് ഈ നാട്ടിൽ ഭീതി വിതച്ചിരിക്കുന്നത്.

പരുന്തിന്റെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ ഒരു ഗ്രാമം; ഭീതി വിതച്ച് ഏഴ് പരുന്തുകൾ 1

ഈ പരുന്തിന്റെ ആക്രമണത്തിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ജീവനക്കാരും പറമ്പിൽ പണിയെടുക്കുന്നവരും പലപ്പോഴും ഈ പരുന്തിന്റെ ആക്രമണം നേരിട്ടിട്ടുണ്ട്.

വയോധികയായ ലക്ഷ്മിക്കുട്ടിയമ്മയെ മൂന്നുപ്രാവശ്യമാണ് പരുന്ത് ക്രൂരമായി ആക്രമിച്ചത്. പറമ്പിലെ തേക്കു മരത്തില്‍ 2 പരുന്തിൻ കൂടുകൾ ആണ് ഉള്ളത്. വീട്ടിൽ നിന്നും ആളുകൾ പുറത്തിറങ്ങിയത് കണ്ടാല്‍ ഉടൻതന്നെ പരുന്ത് പറന്നു വന്ന് ആക്രമിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്മിക്കുട്ടിയുടെ ശരീരത്ത് മാത്രം പരുന്തിന്റെ ആക്രമണം മൂലം 13ലധികം മുറിവുകളാണ് ഉണ്ടായിട്ടുള്ളത്. പരുന്ത് വലിയ ചിറകുകൾ വിടർത്തി തലയിൽ അടിക്കുമ്പോൾ തടി വന്നു വീഴുന്നത് പോലെയാണ് തോന്നുന്നതെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. മീൻ മുറിക്കാനായി വീടിന് പുറത്തിറങ്ങുമ്പോൾ പരുന്ത് പറന്നുവന്ന് മീനും റാഞ്ചി പോകാറുണ്ട്. കൂടാതെ കൊത്തി പരുക്കേൽപ്പിക്കുകയും ചെയ്യും. പരുന്തിന്റെ ശല്യത്തെക്കുറിച്ച് വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവരുടെ ഭാഗത്തു നിന്നും അനുയോജ്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പരുന്തിനെ പിടിച്ചു കൊടുത്താൽ കൊണ്ടുപോകാം എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഇതോടെ നാട്ടുകാരിൽ ചിലർ ചേർന്ന് ഏറെ ശ്രമപ്പെട്ട് 2 പരുന്തുകളെ പിടിച്ച് വനപാലകരെ ഏൽപ്പിച്ചിരുന്നു. ഇത് സമീപത്തെ വീട്ടിൽ വളർത്തുന്ന പരുന്തുകളാണ്. ഇതിനെ `തുറന്നു വിട്ടതയോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം നാട്ടുകാരുടെ ജീവന് തന്നെ ഇത് വലിയ ഭീഷണിയായി മാറുമെന്ന് തദ്ദേശവാസികൾ പറയുന്നു.

Exit mobile version