മനുഷ്യൻറെ ചരിത്രം അത്ഭുതങ്ങളുടെ കലവറയാണ്. നടന്നുവന്ന വഴികളിൽ കോറി ഇട്ടിരിക്കുന്ന ചരിത്രത്തിൻറെ തിരുശേഷിപ്പുകൾ ആധുനിക മനുഷ്യനെപ്പോലും അമ്പരപ്പിക്കുന്നതാണ്. പല പിന്‍ കാഴ്ച്ചകളും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഗവേഷകരെ അമ്പരപ്പിച്ച ഒരു കണ്ടെത്തല്‍ സമൂഹ മാധ്യമത്തിൽ വാർത്തയായി മാറിയിരുന്നു.
നെതർ ലൻഡിലെ മ്യൂസിയത്തിലേക്ക് അയച്ച ഒരു ബുദ്ധ പ്രതിമ അക്ഷരാർത്ഥത്തിൽ ഗവേഷകരെയും ചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തി. 1000 വർഷം പഴക്കമുള്ള ഈ ബുദ്ധ പ്രതിമ പരിശോധിച്ചപ്പോൾ അതിനുള്ളിൽ കണ്ടെത്തിയത് മമ്മിഫൈ ചെയ്തു സൂക്ഷിച്ചിരുന്ന സന്യാസിയുടെ ശരീരമായിരുന്നു.
ബുദ്ധ പ്രതിമയിൽ സി റ്റി സ്കാൻ നടത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. വളരെയേറെ വർഷം പഴക്കം ചെന്ന ഒരു പ്രതിമ ആയതുകൊണ്ട് തന്നെ പോളിഷ് ചെയ്ത് ഭംഗിയാക്കുന്നതിനും മറ്റുമായിട്ടാണ് ഇത് മ്യൂസിയത്തിലേക്ക് അയച്ചത്. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഗവേഷകർ ഒരു കൗതുകത്തിനു വേണ്ടിയാണ് സിറ്റി സ്കാൻ എടുത്തത്. അപ്പോഴാണ് മനുഷ്യ അവശിഷ്ടം അതിൻറെ ഉള്ളിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് വളരെ വിശദമായ പരിശോധന നടത്തിയപ്പോൾ മനുഷ്യ ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഇതിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി. എന്നാൽ ആന്തരിക അവയവങ്ങൾ പലതും നീക്കം ചെയ്തിരുന്നു. ആന്തരിക അവയവങ്ങൾക്ക് പകരം ആസ്ഥാനത്ത് ചൈനീസ് ലിഖിതങ്ങൾ സൂക്ഷിച്ചിരുന്നു.
ആയിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ലിയുക്‌വാൻ എന്ന സന്യാസിയുടെ ശവശരീരമാണ് പ്രതിമയുടെ ഉള്ളിൽ എന്നാണ് പ്രാഥമിക നിഗമനം. സന്യാസിയുടെ ശരീരം ആരോ പ്രതിമയുടെ ഉള്ളിൽ വച്ചതാണ് എന്നാണ് ഗവേഷകർ ആദ്യം സംശയിച്ചത് എങ്കിലും പിന്നീട് കൂടുതൽ ചരിത്ര രേഖകൾ പരിശോധിച്ചപ്പോൾ ബുദ്ധനായി മാറുവാൻ വേണ്ടി ലിയു ക്‌വാൻ തന്നെ സ്വയം പ്രതിമയുടെ ഉള്ളിൽ ഇരുന്നതാവാം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു . ഇയാള്‍ പ്രതിമയുടെ ഉള്ളിൽ കയറി ഇരുന്നതിനു ശേഷം ശ്വാസം എടുക്കുന്നതിന് വേണ്ടി മാത്രം ഒരു ദ്വാരം ഇട്ടതായിരിക്കാം എന്നും വിലയിരുത്തപ്പെടുന്നു.