പത്താന്‍ എന്ന ചിത്രത്തിൻറെ പ്രദർശനവുമായി ബന്ധപ്പെട്ട് അസമിൽ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെ സൂപ്പര്‍ താരം ഷാരൂഖ് ഖാൻ നേരിട്ട് വിളിച്ചു.
നേരത്തെ പത്രപ്രവർത്തകർ ചോദിച്ച ഒരു ചോദ്യത്തിന് ആരാണ് ഷാരൂഖ് ഖാൻ എന്നും പത്താൻ എന്ന സിനിമയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇത് വലിയ വാർത്ത ആയതോടെയാണ് ഷാരൂഖ് ഖാൻ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചത്. ഷാരൂഖ് ഖാൻ തന്നെ വിളിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചത്. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ടു ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് താൻ ഷാരൂഖിന് വാക്ക് നൽകിയതായും ഹിമന്ദ ബിശ്വ ശര്‍മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അസമിൽ പത്താന്‍ റിലീസ് ചെയ്യുന്ന തിയേറ്ററിന് മുന്നിൽ ബജരംഗദല്‍ പ്രവർത്തകരുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടന്നിരുന്നു. ഇവർ ചിത്രത്തിൻറെ പോസ്റ്ററുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ആരാണ് ഷാരൂഖ് ഖാൻ എന്നും അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന് പത്താന്‍ എന്ന ചിത്രത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. ഹിന്ദി സിനിമയിലെ പല താരങ്ങളും തന്നെ നേരിട്ട് വിളിക്കാറുണ്ട്. ഷാരൂഖ് ഖാൻ ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ല. ഈ വിഷയത്തിൽ അദ്ദേഹം വിളിച്ച് സംസാരിക്കുക ആണെങ്കിൽ അതിൽ ഇടപെടാം എന്നും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ രണ്ടു മണിയോടെ ഷാരൂഖ് ഖാൻ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചത്.