ആഫ്രിക്കയിലും ഏഷ്യയിലും നിരവധി കുട്ടികൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ചില കഫ് സിറപ്പുകൾ വിപണിയിൽ നിന്നും പിൻവലിക്കണമെന്ന ആവശ്യവുമായി ലോകാരോഗ്യ സംഘടന. 2022ല്‍ ഇന്തോനേഷ്യ , ഗാംബിയ തുടങ്ങിയ സ്ഥലങ്ങളിൽ മുന്നൂറിലധികം കുട്ടികൾ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മരണപ്പെട്ടിരുന്നു. ഇതിൽ കൂടുതലും അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്.
ഇന്ത്യയിലും ഇന്തോനേഷ്യയിലും നിർമ്മിക്കുന്ന ചില കഫ് സിറപ്പുകളിൽ മരണത്തിനു പോലും കാരണമായേക്കാവുന്ന അളവിൽ ഡൈതലിൻ ഗ്ലൈക്കോളും ഇധിലിനും അടങ്ങിയിട്ടുള്ളതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. മലിനമായ കഫ് സിറപ്പുകൾ ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള നൂറുകണക്കിന് കുട്ടികളുടെ മരണത്തിന് കാരണമായതോടെ ഈ മരുന്നുകൾ നിർമ്മിച്ച ഫാർമസ്യൂട്ടുകൾ കമ്പനികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു .
ചുമയ്ക്കുള്ള മരുന്നിൽ ഉപയോഗിക്കുന്നത് വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന ചില ലായകങ്ങളായും ആന്റി ഫ്രീസ് ഏജന്‍റുകളായും ഉപയോഗിക്കുന്ന വിഷ രാസ വസ്തുക്കൾ ആണ്. ഇവ വളരെ ചെറിയ ഒരു അളവിൽ പോലും കുട്ടികളുടെ ഉള്ളിൽ എത്തുന്നത് മാരകമായി മാറിയേക്കാം. അതുകൊണ്ട് ഒരു കാരണവശാലും ഇത് മരുന്നുകളിൽ ഉപയോഗിക്കാൻ പാടുള്ളതല്ല എന്ന് ലോക ആരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കുട്ടികൾ മരണപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യയില്‍ ചുമയ്ക്കുള്ള ഈ സിറപ്പുകൾ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു വരികയാണ്. ഇന്ത്യയിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ കയറ്റി അയച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് , മരിയോണ്‍ ബയോടെക് എന്നീ കമ്പനികള്‍ അടച്ചു പൂട്ടിയിരുന്നു.