പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് വകകൾ ജപ്തി ചെയ്യുന്ന നടപടിയിൽ പ്രതികരണം അറിയിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാത്രമല്ല ഇത്തരത്തിൽ ബന്തും ഹര്‍ത്താലും നടത്തി പൊതു മുതൽ നശിപ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു മുൻപ് തന്നെ ഇതെല്ലാം ചെയ്തു കൂട്ടിയ നിരവധി രാഷ്ട്രീയ പാർട്ടികൾ കേരളത്തിലുണ്ട്. ഈ രാഷ്ട്രീയ പാര്ട്ടിയുടെ നേതാക്കളുടെ സ്വത്തു വകകൾ കണ്ടു കെട്ടിയാൽ തീരാവുന്ന കടം മാത്രമേ ഇപ്പോൾ കേരളത്തിലുള്ളൂ എന്ന് ജോയ് മാത്യു പറയുന്നു. അതുകൊണ്ടു തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ബന്ദ് , ഹർത്താൽ തുടങ്ങിയ കിരാത പ്രവർത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗ ഭംഗം സംഭവിക്കുകയോ ചെയ്തിട്ടുള്ള നിരവധി സാധാരണക്കാർ ഇവിടെയുണ്ട്. അവർക്ക് ന്യായമായ ഒരു നഷ്ട പരിഹാരം ലഭിക്കുന്നതിന് ഈ വിധി സഹായകമാകുമെന്നും അദ്ദേഹം കുറിച്ചു.
നിരവധി പേരാണ് ജോയ് മാത്യുവിന്റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നത്. ഹർത്താൽ , ബന്ദ് തുടങ്ങിയവ നടത്തി രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ജനങ്ങളുടെ പൊതു മുതൽ നശിപ്പിക്കുകയാണെന്നും വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. എങ്കിൽ മാത്രമേ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ. ചിലർ കമൻറ് ചെയ്തു.