പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നെങ്കിലും മനസ്സ് തളരാതെ ജീവിതം പോരാട്ടമാക്കി മാറ്റിയ സുമ പ്രചോദനമാണ്

പോളിയോ ബാധിച്ചു അരയ്ക്ക് കീഴ്പ്പോട്ട്  തളർന്ന സുമ എന്ന 33 കാരി തന്റെ ശാരീരിക പരിമിതികളോട് പൊരുതിയാണ് ജീവിതം നയിക്കുന്നത്. വീൽചെയറിൽ ഇരുന്ന് മീൻ വില്‍പ്പന നടത്തിയാണ് സുമ കുടുംബം പുലർത്തുന്നത്. ഭർത്താവിന്റെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് നയിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി അവർ മീൻ കച്ചവടത്തിന് ഇറങ്ങിത്തിരിക്കുക ആയിരുന്നു.

പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നെങ്കിലും മനസ്സ് തളരാതെ ജീവിതം പോരാട്ടമാക്കി മാറ്റിയ സുമ പ്രചോദനമാണ് 1

പ്ലസ് ടു പൂർത്തിയാക്കിയതിനു ശേഷം ത്രീഡി ആനിമേഷൻ ഡിപ്ലോമയും കമ്പ്യൂട്ടർ വിദ്യാഭ്യാസവും കരസ്ഥമാക്കിയ സുമ കടവും വാടക വീടിൻറെ ചെലവും എല്ലാം കണക്കിലെടുത്താണ് ജീവിത ചിലവുകളെ അതിജീവിക്കാൻ മീൻ കച്ചവടത്തിന് ഇറങ്ങിത്തിരിച്ചത്. തന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസ്സരിച്ചുള്ള ഒരു ജോലിക്കായി പല സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ജോലി ലഭിക്കാതെ വന്നതോടെയാണ് മീൻ കച്ചവടത്തിന് അവർ ഇറങ്ങിത്തിരിക്കുന്നത്. വൈകല്യമുള്ള ഒരാൾക്ക് ജോലി തരാൻ പല സ്ഥാപനങ്ങളും മടിച്ചു എന്ന് സുമ പറയുന്നു.

ബാങ്ക് വായ്പ എടുത്താണ് ഒരു ഓംനി വാഹനം വാങ്ങിയത്. വാഹനം ഓടിക്കാൻ തമിഴ്നാട് സ്വദേശിയായ ബന്ധുവാണ് ഉണ്ടായിരുന്നത്. ഇയാള്‍ നാട്ടിലേക്ക് മടങ്ങിപ്പോയതോടെ ഈ വാഹനം ഓടിക്കുന്നതിന് ഒരാളെ തിരയുകയാണ് അവർ ഇപ്പോള്‍ . നിലവില്‍ ഓട്ടോ റിക്ഷയിലാണ് മീന്‍ കച്ചവടം നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് മത്സ്യം വാങ്ങാൻ പോകുന്ന സുമ കടപ്പുറത്ത് നിന്നും മത്സ്യം വാങ്ങി 7 മണിയോടെ കുണ്ടമൺകടവ് പാലത്തിന് സമീപത്ത് എത്തും. ഉച്ചക്ക് 12 മണി വരെ ഇവിടെ ഇരുന്നു മത്സ്യ വിൽപ്പന നടത്തും. ചൂട് കൂടുതലുള്ളതിനാൽ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങുന്ന അവർ വെയിൽ താഴ്ന്നു മൂന്നുമണി ആകുമ്പോഴേക്കും തിരികെയെത്തി ഏഴുമണിവരെ കച്ചവടം തുടരും. ഒപ്പം മകൻ എയ്ഡന്നും ഉണ്ടാകും.

കടപ്പുറത്തുനിന്നും നേരിട്ടു വാങ്ങി കൊണ്ടുവരുന്ന ഫ്രെഷ് മീന്‍ ആയതുകൊണ്ട് തന്നെ ഇതിന് ധാരാളം ആവശ്യക്കാർ ഉണ്ട്. തനിക്ക് ഈ കച്ചവടത്തിലൂടെ കൊള്ളലാഭം വേണ്ട എന്നാണ് സുമയുടെ പക്ഷം. എന്നും ജീവിക്കാനുള്ള വരുമാനം കണ്ടെത്തണം എന്നത് മാത്രമാണ് അവരുടെ ചിന്ത. നിലവിൽ മീൻ വാങ്ങാൻ മുടക്കുന്ന പണം മാത്രമാണ് തിരികെ കിട്ടുന്നത്. കൂടുതൽ പണം ഇല്ലാത്തതുകൊണ്ട് കുറച്ച് മീൻ മാത്രമേ വില്പന നടത്താൻ എടുക്കാൻ കഴിയുകയുള്ളൂ.

Exit mobile version