സംസ്ഥാനത്ത് ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ കൊലക്കേസിലെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ഷാരോണിന്റേത് ആസൂത്രിത കൊലപാതകം ആണെന്ന് കുറ്റപത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കുന്നതിന് വേണ്ടി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുക ആയിരുന്നു പ്രതിയായ ഗ്രീഷ്മ. നിലവിൽ ഗ്രീഷ്മക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്തിട്ടുണ്ട്. 90 ദിവസം മുൻപ് കുറ്റപത്രം സമർപ്പിച്ചതിനാൽ ഗ്രീഷ്മ ജയിലിൽ കിടന്നായിരിക്കും വിചാരണ നേരിടുക.
കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ആണ് തമിഴ്നാട്ടിലെ പാളുകളിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ ഷാരോണിന് കഷായാത്തില്‍ വിഷം കലർത്തി നൽകിയത്. ഷാരോൺ മരിക്കുന്നത് 25ആം തീയതിയാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയത് തട്ടിക്കൊണ്ടുപോകലിനു തുല്യമാണ് എന്ന് കണക്കാക്കിയാണ് ആ കുറ്റവും കൂടി ഗ്രീഷ്മയുടെ മേൽ ചുമത്തിയിട്ടുള്ളത്. ഷാരോൺ നൽകിയ മരണ മൊഴിയിൽ പോലും ഗ്രീഷ്മയ്ക്ക് എതിരായി ഒന്നുമില്ല. അവസാന നിമിഷം വരെ ഷാരോൺ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. അന്വേഷണത്തിന് ഒടുവിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുക ആയിരുന്നു .
ധനികനായ പട്ടാളക്കാരനുമായി വിവാഹം നിശ്ചയിച്ചതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയത്. പല രീതിയിലും ഇതിന് ഗ്രീഷ്മ ശ്രമിച്ചുവെങ്കിലും ഷാരോൺ ഒഴിവാകാതെ വന്നതോടെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. നേരത്തെയും ഗ്രീഷ്മ ഷാരോണിന് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, എങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് കഷായത്തിൽ കീടനാശിനി കലക്കി നൽകാൻ തീരുമാനിച്ചത്.
ഗ്രീഷ്മ ഇത്തരമൊരു പ്രവർത്തി ചെയ്തുവെന്ന് മനസ്സിലാക്കിയ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ചേർന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റം മാത്രമാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്.