ചൈന മറച്ചു വെച്ച കണക്കുകൾ കണ്ട് അമ്പരന്നു ലോകം. അഞ്ചു ദിവസത്തിനുള്ളിൽ 13000 മരണങ്ങളാണ് ചൈനയില്‍ നിന്നും റിപ്പോർട്ട് ചെയ്തത്. ഈ മാസം പുറത്ത് വന്ന അറുപതിനായിരം പേരുടെ മരണത്തിന് പുറമെയാണ് ഇത് എന്നത് അമ്പരപ്പുളവാക്കുന്നു. ജനസംഖ്യയുടെ 80 ശതമാനത്തിൽ അധികം പേർക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ് വിവരം.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചൈനയിൽ പുതുവർഷം ആഘോഷിച്ചത്. ഈ ആഘോഷങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതലുള്ളതുകൊണ്ട് രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാം എന്നാണ് കരുതുന്നത്. ഇങ്ങനെയാണെങ്കിലും ഇനി പുതിയൊരു തരംഗത്തിന് രാജ്യത്ത് സാധ്യതയില്ല എന്നാണ് ചൈനയുടെ ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇത് ആശ്വാസം പകരുന്നതാണ് .
കോവിഡ് രൂക്ഷമായതോടെ പുതിയ വർഷത്തിൽ എങ്കിലും സാമ്പത്തികമായി കര കയറാനാണ് ഇപ്പോള്‍ രാജ്യം ശ്രമിക്കുന്നത്. പുതു വത്സരത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇത് രോഗ വ്യാപനത്തിന്റെ തോത് വാർദ്ധിപ്പിക്കാൻ കാരണമായേക്കാം എന്ന് അധികാരികള്‍ ഭയക്കുന്നു.
ഡിസംബർ എട്ടിനും ജനുവരി 12നും ഇടയിൽ ആശുപത്രിയിൽ രേഖപ്പെടുത്തിയ മരണങ്ങൾ 59938 ആണ്. ആശുപത്രിയിൽ നിന്ന് ലഭിച്ച ഔദ്യോഗിക കണക്കാണ് ഇത് . എന്നാൽ ഇതിനും പതിന്മടങ്ങ് കൂടുതലായിരിക്കും യഥാർത്ഥ കണക്ക് എന്നാണ് വിവരം. കൊറോണ വൈറസ് ബാധിച്ച് ശ്വാസതടസമുണ്ടായി മരണപ്പെടുന്നവരുടെ എണ്ണം പലപ്പോഴും മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. വ്യക്തമായി പറഞ്ഞാൽ കോവിഡ് വന്നതിന്റെ അനന്തരഫലമായി ഉണ്ടാകുന്ന മരണങ്ങൾ ചൈന കണക്കിൽ കൂട്ടിയിരുന്നില്ല ഇതുവരെ. എന്നാൽ ലോക രാജ്യങ്ങളുടെ സമ്മർദ്ദം വർദ്ധിച്ചതോടെ ഗവൺമെൻറ് ആ നയം തിരുത്തി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് രാജ്യത്ത് വ്യാപനം രൂക്ഷമായത്. ഇത് മരണങ്ങൾ വർദ്ധിക്കാൻ ഇടയാക്കി എന്നാണ് ഔദ്യോഗിക നിഗമനം.