യുഎസ് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിന്‍റര്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോർട്ട് അദാനി എന്ന വ്യവസായ ഭീമന്റെ അടിവേര് തോണ്ടുമോ എന്ന ആശങ്കയിലാണ് വ്യവസായ ലോകം. അദാനി ഗ്രൂപ്പിനെ കുറിച്ച് ഹിന്‍റര്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതാണ്.
ഇന്നത്തെ ദിവസം ഓഹരി വിപണി ആരംഭിച്ചത് തന്നെ നഷ്ടത്തോട് കൂടിയാണ്. സെൻസെക്സ് 338 പോയിൻറ് ആണ് ഇടിഞ്ഞത്. 5065 പോയിന്റാണ് നിഫ്റ്റിയിൽ രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ തകർച്ച നേരിട്ടു. 20% ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിൻറെ അടിസ്ഥാനത്തിൽ 85,000 കോടി രൂപയുടെ മൂല്യമാണ് കമ്പനികളുടെ ഓഹരികൾക്ക് നഷ്ടം സംഭവിച്ചത്. ഹിന്‍റര്‍ബര്‍ഗ് റിപ്പോർട്ട് പുറത്തു വന്നതോടെ നിക്ഷേപകർ അദാനിയുടെ കമ്പനികളുടെ ഓഹരികൾ വ്യാപകമായി വിറ്റഴിച്ചു. ഇതോടെ കമ്പനി വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. റിപ്പോർട്ട് വാസ്തുവിരുദ്ധമാണ് എന്ന് അദാനി നിക്ഷേപകരെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല.
ആദാനി എന്റർപ്രൈസിന്റെ തുടർ ഓഹരി സമാഹരണം തുടങ്ങുകയാണ് കമ്പനി. കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഓഹരി സമാഹരണം ആയിരിക്കും ഇത് എന്നാണ് വിവരം. ഓഹരി സമാഹരണം ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കും. ചൊവ്വാഴ്ച്ച വരെ നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയമുണ്ട്. കമ്പനിയുടെ കടം തിരിച്ചടക്കുന്നതിനും ഇതര ചെലവുകൾക്കുമായി 20,000 കോടി രൂപയാണ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം അദാനിക്കെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണെന്ന് ഹിന്‍റര്‍ബര്‍ഗ് അറിയിച്ചു. ആദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ചു കാണിച്ചതിൻറെ എല്ലാ രേഖകളും കൈവശമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്. എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണ്. റിപ്പോർട്ടിന്റെ ഭാഗമായി 88 ചോദ്യങ്ങൾ ചോദിച്ചിരുന്നുവെങ്കിലും കമ്പനി ഒരു ചോദ്യത്തിനും മറുപടി നൽകിയില്ലെന്ന് ഹിന്‍റര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.