വഴിയരികിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ നടൻ കൂടിയായ പോലീസ് കൈയോടെ പിടികൂടി. തിരുവനന്തപുരം പി എം ജിക്ക് സമീപത്തുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും സിനിമാതാരവുമായ ജിബിൻ ഗോപിനാഥ് ആണ് കള്ളനെ സിനിമ സ്റ്റൈലിൽ പിടികൂടിയത്. കള്ളനെ പിടികൂടിയ വിവരം ജിബിൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
ജിബിന്റെ വീടിൻറെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെയാണ് ജിബിൻ അതി വിദഗ്ധമായി വലയിലാക്കിയത്. നഗരത്തിലെ ഒരു കാർ ഷോറൂമിലെ ജീവനക്കാരനായ നിധീഷാണ് പിടിയിലായത്. 16 വർഷത്തെ പോലീസ് ജീവിതത്തിൽ ഇതുവരെ ഒരു മോഷ്ടാവിനെ പോലും പിടികൂടാനുള്ള അവസരം ഉണ്ടായിട്ടില്ല. ആ പാപഭാരം ഇതോടുകൂടി താൻ കഴുകി കളഞ്ഞുവെന്ന് ജിബിൻ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
വൈകിട്ട് ആറരയോടെ മകന് ചോക്ലേറ്റ് വാങ്ങാൻ ഒരു ടൂവീലറിൽ പുറത്തേക്കിറങ്ങിയതായിരുന്നു. വീട്ടിലേക്ക് കയറുന്നതിന്റെ കുറച്ച് അടുത്തായിട്ടായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. അപ്പോഴാണ് തന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നത് കാണുന്നത്. അതിന് ഒരു തീരുമാനം ഉണ്ടാകണമെന്ന് കരുതി അയാൾ പുറത്തിറങ്ങുന്നത് വരെ വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ചിരിയോടെ അയാൾ തന്റെ കാറിലെ ഓഡിയോ വീഡിയോ മോണിറ്റർ സിസ്റ്റം കയ്യിൽ പിടിച്ച് വളരെ സ്വാഭാവികമായ ഒരു ചിരിയോടെ പുറത്തിറങ്ങി. എന്താ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന് നിഷ്കളങ്കമായ മറുപടി തന്നു. കയ്യിൽ എന്താ എന്ന് ചോദിച്ചപ്പോൾ സ്റ്റീരിയോ എന്നാണ് പറഞ്ഞത്. എങ്ങോട്ടാണ് എന്ന് തിരക്കിയപ്പോൾ ‘സാറേ ഒരു അബദ്ധം പറ്റിയതാ, ക്ഷമിക്കണം’ എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഒരു മനസ്സലിവ് തോന്നിയെങ്കിലും ഉടൻ കോളറിന് കുത്തിപ്പിടിച്ച് അടുത്തുള്ള കടയിൽ കൊണ്ടുപോയി ചാരി നിർത്തി ആൾക്കാരെ വിളിച്ചു കൂട്ടി. വൈകാതെ പോലീസും പത്രക്കാരും എത്തി. ഒടുവിൽ കേസെടുത്ത് ആളെ അകത്താക്കുകയും ചെയ്തു. സർവീസിൽ ഇരിക്കുന്നതിനിടെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ച് ആ പാപഭാരം താൻ കഴുകി കളഞ്ഞുവെന്നു ജിബിൻ കുറിച്ചു.