കഴിഞ്ഞ ദിവസം പറവൂർ പറക്കാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തില്‍ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുഹൂർത്തത്തിന് നിമിഷങ്ങൾക്ക് മുൻപ് വധൂരന്മാർ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സംഭവം എന്താണെന്നറിയാതെ അമ്പരപ്പിലായത് ക്ഷണിച്ചു വരുത്തിയ ബന്ധുക്കളും നാട്ടുകാരുമാണ്.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നനട സ്വദേശി ആയ യുവാവും തമ്മിലുള്ള വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിലേക്ക് ആദ്യം എത്തിയത് വധുവിന്റെ സംഘമായിരുന്നു. അധികം വൈകാതെ തന്നെ വരനും ബന്ധുക്കളും ക്ഷേത്രത്തിലേക്ക് വന്നു. തുടർന്ന് മുഹൂർത്ത സമയത്തിലേക്ക് കാര്യങ്ങൾ അടുത്തു. എന്നാല്‍ അപ്പോഴേക്കും വധുവിന്റെ ഭാഗത്തു നിന്നും നിസ്സഹകരണ സമീപനം ഉണ്ടായി. പലയാവൃത്തി കാർമികൻ നിർദ്ദേശിച്ചു എങ്കിലും വരണമാല്യം അണിയിക്കാൻ വധു തയ്യാറായില്ല. എല്ലാവരും അമ്പരന്നു നിൽക്കുന്നതിനിടെ വധു വരന്‍റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. താൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്നും ഈ വിവാഹത്തിന് സമ്മതമില്ലാത്ത തന്നെ വീട്ടുകാര്‍ നിർബന്ധിച്ചാണ് ഇവിടം വരെ എത്തിച്ചത് എന്നും യുവതി പറഞ്ഞു. ഇതോടെ വരനും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് വരന്‍റെ ഒപ്പം വിവാഹത്തിന് എത്തിയ ബന്ധുക്കൾ സംഭവം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വരന്‍റെ കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യത വധുവിന്റെ ആൾക്കാർ നൽകാമെന്നും തീരുമാനിച്ചു.
മാസങ്ങൾക്കു മുൻപ് തന്നെ പെണ്ണു കാണാൻ വന്ന യുവാവുമായി യുവതി സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ ഈ വിവാഹത്തിന് ബന്ധുക്കൾ തയ്യാറായിരുന്നില്ല. അവർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വധുവിന്റെ ആഗ്രഹം അംഗീകരിച്ചു കൊടുക്കാതെ മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഏതായാലും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതോടെ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇഷ്ടത്തിലായ വ്യക്തിയുമായുള്ള യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുക ആയിരുന്നു.